< Back
Kerala
elathur train attack
Kerala

തീയിട്ടത് എന്തിന്? അന്വേഷണത്തിന് എൻ.ഐ.എ സംഘം കണ്ണൂരിലേക്ക്‌

Web Desk
|
4 April 2023 10:46 AM IST

മംഗലാപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമുള്ള എന്‍.ഐ.എ ടീമാണ് കണ്ണൂരിലെത്തുക.

കോഴിക്കോട്: എലത്തൂരിൽ ട്രെയിനില്‍ തീ കൊളുത്തിയ കേസിൽ കസ്റ്റഡിയിലുള്ള നോയിഡ സ്വദേശിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസന്വേഷണത്തിനായി റെയിൽവെ പൊലീസ് 17 അംഗ സംഘം രൂപീകരിച്ചു.

അന്വേഷണ സംഘത്തിലെ രണ്ടുപേർ ഉത്തർപ്രദേശിൽ എത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയുടെ സ്വദേശമായ നോയിഡയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. അതേസമയം അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. അതിനിടെ ആര്‍പിഎഫ്, ഐജി ടി.എം ഈശ്വര റാവു കണ്ണൂരിൽ എത്തി. റെയിൽവെ സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിക്കുമെന്ന് ഈശ്വരറാവു പറഞ്ഞു.

ഉച്ചക്ക് ശേഷം എൻ.ഐ.എ സംഘം കണ്ണൂരിലെത്തുമെന്നാണ് വിവരം. മംഗലാപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമുള്ള ടീമാണ് കണ്ണൂരിലെത്തുക. സംഘം എലത്തൂരിലും പോകും. ഏതെങ്കിലും രാജ്യവിരുദ്ധ ശക്തികൾക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു അക്രമം നടക്കുന്നത്. ആ ഗൗരവം ഉൾക്കൊണ്ടാണ് എൻ.ഐ.എ സംഘം പരിശോധനക്ക് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുമായി എൻ.ഐ.എ സംഘം കൂടിക്കാഴ്ച നടത്തിയേക്കും. ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാകുക.

അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. റെയിൽവേ പൊലീസിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. അതിനിടെ, സംഭവത്തിൽ കസ്റ്റഡിയിലുള്ള ഷാറൂഖ് സെയ്ഫിയുടെ സ്വദേശമായ നോയ്ഡയിൽ അന്വേഷണസംഘം എത്തിയിട്ടുണ്ട്. കേസ് റെയിൽവേ സൂപ്രണ്ട് കെ.എൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. 17 അംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. അതിനിടെ, ആർ.പി.എഫ് ഐ.ജി ടി.എം ഈശ്വര റാവു കണ്ണൂരിലെത്തും. ഇതിനുശേഷം തീയിട്ട ബോഗി പരിശോധിക്കാൻ കോഴിക്കോട്ടും എത്തും.

Similar Posts