
ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനതിരെ വ്യാപക പ്രതിഷേധം
|സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും
കോഴിക്കോട്: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനതിരെ വ്യാപക പ്രതിഷേധം. കൂരിയാട്ടെ തകർന്ന പാതക്ക് സമീപം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ചാവക്കാട് ദേശീയപാതയിലെ വിള്ളലടക്കാൻ ടാർ ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കി. കണ്ണൂർ കുപ്പം ദേശീയപാതയിലെ മണ്ണിടിച്ചിലിൽ നിർമ്മാണ കമ്പനിക്ക് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. കൂരിയാട്ടെ റോഡ് തകർന്ന സംഭവത്തിൽ അടുത്ത ദിവസം വിദഗ്ദ സംഘം റിപ്പോർട്ട് സമർപ്പിക്കും.
ദേശീയപാതയിൽ റോഡിൻ്റെ നിർമ്മാണത്തിൽ അശാസ്ത്രീയത ആരോപിച്ചാണ് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ കൂരിയാട് പ്രതിഷേധ ധർണ്ണ നടന്നത്. കെ.പി.എ മജീദ് എംഎൽഎ, പി. അബ്ദുൾ ഹമീദ് മാസ്റ്റർ എംഎൽഎ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ റോഡ് ഉപരോധിച്ചു.
പിന്നാലെ മുഖ്യമന്ത്രിയുടെയും, മന്ത്രി മുഹമ്മദ് റിയാസിൻ്റെയും വേഷം ധരിച്ച് പ്രതീകാത്മക സമരവും യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടന്നു. തകർന്ന സർവീസ് റോഡിലെ വിള്ളലിൽ ഇവർ കഞ്ഞിപശ ഒഴിച്ചു.
ഇന്നലെ സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം അടുത്ത ദിവസം ദേശീയ പാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും. പ്രദേശവാസികളുടെ ആവശ്യങ്ങൾ ഉൾപ്പടെ റിപ്പോർട്ടിൽ പരിഗണിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങളിലേക്ക് പോകാനാണ് യുഡിഎഫ് ഉൾപ്പടെ തീരുമാനിച്ചിരിക്കുന്നത്.