< Back
Kerala
സൂരജ് ലാമയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ; വിവിധ ഭാഷകളിൽ കാർഡ് ഇറക്കി പൊലീസ്
Kerala

സൂരജ് ലാമയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ; വിവിധ ഭാഷകളിൽ കാർഡ് ഇറക്കി പൊലീസ്

Web Desk
|
31 Oct 2025 10:50 PM IST

കുവൈത്തിൽ വെച്ച് മദ്യവിഷബാധയേറ്റ് സംസാരവൈകല്യവും ഓർമക്കുറവും മൂലം ഇന്ത്യയിലേക്ക് തിരിച്ചയച്ച സൂരജ് ലാമയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷം കാണാതാവുകയായിരുന്നു

കൊച്ചി: കുവൈത്ത് മദ്യദുരന്തിൽ ഇരയായി ഓർമ നഷ്ടപ്പെട്ട നിലയിൽ കുവൈത്തിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ. കളമശ്ശേരി കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തിരച്ചിൽ നടക്കുന്നത്. പത്തംഗ സംഘം അടങ്ങുന്ന രണ്ട് ടീമുകൾ രാത്രിയും പകലും തിരച്ചിൽ നടത്തുന്നുണ്ട്. കൂടാതെ, വിവിധ ഭാഷകളിൽ ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.

നാട്ടുകാർ, ലോഡിങ് തൊഴിലാളികൾ, ഓട്ടോറിക്ഷ ജീവനക്കാർ, ബസ് ജീവനക്കാർ, ഹോട്ടൽ തൊഴിലാളികൾ, നഗരത്തിൽ സജീവമായ മറ്റാളുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് പൊലീസിന്റെ അന്വേഷണം. ആലുവ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഡിസിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ കീഴിൽ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. മകൻ സന്ദൻ ലാമ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. കാണാതായി 26 ദിവസം പിന്നിട്ടിട്ടും ലാമയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

കുവൈത്തിൽ വെച്ച് മദ്യവിഷബാധയേറ്റ് സംസാരവൈകല്യവും ഓർമക്കുറവും മൂലം ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. സ്വദേശമായ ബംഗളൂരുവിന് പകരം കൊച്ചിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഒക്ടോബർ അഞ്ചിന് ജസീറ എയർവൈസിൽ കൊച്ചിയിലെത്തിയ ഇദ്ദേഹം വിമാനത്താവളത്തിൽ നിന്നിറങ്ങി ബസിൽ കയറിയതായി റിപ്പോർട്ടുകളുണ്ട്.

കാണാതാകുന്ന സമയത്ത് കറുത്ത ടീഷർട്ടും നീല ജേഴ്സിയുമായിരുന്നു ലാമയുടെ വേഷം. സൂരജ് ലാമയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497990077, 9497987128 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് ലുക്ക്ഔട്ട് നോട്ടീസിൽ പറയുന്നു.

Similar Posts