< Back
Kerala

Kerala
മൂന്നാറില്‍ കാട്ടാന ആക്രമണം: സ്കൂളിനും ക്ഷേത്രത്തിനും കേടുപാടുകള്‍
20 Nov 2021 7:05 AM IST
വീടിനുള്ളിലേക്ക് കയറിയ ആനയുടെ മുമ്പില്‍ നിന്ന് തലനാരിഴയ്ക്ക് ഒരു കുടുംബം രക്ഷപ്പെട്ടു
മൂന്നാർ കന്നിമല ലോവർ എസ്റ്റേറ്റില്‍ കാട്ടാനകളുടെ ആക്രമണം. വീടിനുള്ളിലേക്ക് കയറിയ ആനയുടെ മുമ്പില്‍ നിന്ന് തലനാരിഴയ്ക്ക് ഒരു കുടുംബം രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ആനകള്‍ തിരികെ കാടുകയറിയത്. രാത്രി ഒരു മണിയോടെ എത്തിയ കുട്ടിക്കൊമ്പനും പിടിയാനയും പ്രദേശത്താകെ ഭീതി പരത്തി. മൂന്നാർ പോസ്റ്റുമാസ്റ്റർ മുരുകയ്യയുടെ വീടിന്‍റെ ജനലുകളും വാതിലുമെല്ലാം തകർത്ത് ആന അകത്തുകയറി. വീട്ടിലുണ്ടായിരുന്ന കരിമ്പ് ഭക്ഷിച്ച് തിരിച്ചിറങ്ങി.
വീട് മാത്രമല്ല, മുരുകയ്യയുടെ വാഹനവും തകർത്ത കാട്ടാന സമീപത്തെ ആശുപത്രിയുടെ ജനലുകളും വാതിലും നശിപ്പിച്ചു. എസ്റ്റേറ്റിലെ സ്കൂളിന്‍റെ കഞ്ഞിപ്പുരയും, സമീപത്തെ ക്ഷേത്രവും കാട്ടാനകള്‍ വെറുതെവിട്ടില്ല. പ്രദേശവാസികളുടെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ ബഹളമുണ്ടാക്കിയാണ് ആനകളെ തുരത്തിവിട്ടത്.