
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; വന്യജീവി ഭേദഗതിബിൽ സഭയിൽ അവതരിപ്പിച്ചു
|സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാൻ അനുമതി നൽകുന്ന വനം നിയമ ഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡിന് അധികാരം നൽകുന്ന വന്യജീവി ഭേദഗതിബിൽ സഭയിൽ അവതരിപ്പിച്ചു.സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാൻ അനുമതി നൽകുന്ന വനം നിയമ ഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാം എന്നാണ് വ്യവസ്ഥ.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ ബില്ലിൽ ഭേദഗതി വരുത്തണമെന്ന് കേരളം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
പലതവണ നേരിട്ടും കത്ത് മുഖാന്തരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രായോഗികമായ നില തുടരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്.എങ്ങനെ കർഷകരെ സഹായിക്കാമെന്ന ചിന്തയിലാണ് ബില്ലിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നിയെ കൊല്ലാനും തിന്നാനും പറ്റണമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു.ഇതിന് അനുമതി വേണമെന്നും മന്ത്രി പറഞ്ഞു.
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് 1972ലെ കേന്ദ്ര വന്യജീവി നിയമപ്രകാരം കടുത്ത വ്യവസ്ഥകളാണുള്ളത്. ആറംഗസമിതി രൂപീകരിക്കുകയും ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുകയും വേണം. പിന്നീട് കെണിവെച്ച് പിടികൂടണം എന്നാണ് വ്യവസ്ഥ. ഇതിനും കഴിയാതെ വന്നാൽ മാത്രമാണ് വെടിവെച്ചു പിടികൂടാനുള്ള വ്യവസ്ഥ. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഈ കർശന വ്യവസ്ഥയ്ക്ക് ഇളവ് നൽകുന്ന നിയമ ഭേദഗതിക്കാണ് അംഗീകാരം നൽകിയത്.
മനുഷ്യജീവന് ഒരു മൃഗം അപകടം വരുത്തുന്നു എന്ന വിവരം ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ സിസിഎഫിനെ അറിയിക്കണം. ഇതോടെ മൃഗത്തെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡിന് ഇറക്കാനാവും. നിയമസഭ ബില്ലിന് അംഗീകാരം നൽകിയാലും കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തുന്നതിനാൽ രാഷ്ട്രപതിയുടെ അനുമതി വേണ്ടിവരും. മലയോര മേഖലയെ സംബന്ധിച്ചിടത്തോളം സർക്കാർ നീക്കം സുപ്രധാനമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് നിയമ ഭേദഗതിയുമായി സർക്കാർ എത്തിയത്.
അതേസമയം,മലപ്പുറം മണ്ണാർമലയിലിറങ്ങിയ പുലിയെ പിടികൂടാത്തത് നിയമസഭയിൽ സബ്മിഷനായി നജീബ് കാന്തപുരം ഉന്നയിച്ചുവനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും ഏതുസമയവും ആളുകൾ ആക്രമണത്തിന് ഇരയാകാൻ സാധ്യത യുണ്ടെന്നും നജീബ് കാന്തപുരം പറഞ്ഞു. പുലിയെ മയക്കുവെടിവെയ്ക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ മറുപടി നൽകി.