
ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എതിരെ കേസ്; ഫലസ്തീനൊപ്പം തുടരും: ജിഐഒ
|കേസിനെ നിയമപരമായി നേരിടുമെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന സുബൈർ പറഞ്ഞു
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ ജിഐഒ പ്രവർത്തകർ നടത്തിയ ഫലസ്തീൻ അനുകൂല പ്രകടനത്തിനെതിരെ കേസ് എടുത്ത നടപടിയെ വിമർശിച്ച് ജിഐഒ. കേസിനെ നിയമപരമായി നേരിടുമെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന സുബൈർ പറഞ്ഞു.
മാടായിപ്പാറയിൽ ഗതാഗത തടസം സൃഷ്ടിക്കുകയോ ജനങ്ങളെ ദ്രോഹിക്കുകയോ ചെയ്യാത്ത പ്രകടനത്തിനെതിരെ കേസ് എടുത്തതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് ഷിഫാന സുബൈറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ മുഴുവൻ നടക്കുമ്പോഴാണ് കേരള പൊലീസിന്റെ ഈ സമീപനമെന്നും പൊലീസ് നടപടി സംശയാസ്പദമെന്നും പോസ്റ്റിൽ ആരോപിക്കുന്നു.
സെപ്റ്റംബർ അഞ്ചിന് മാടായിപ്പാറയിൽ ജിഐഒ പ്രവർത്തകർ നടത്തിയ ഫലസ്തീൻ അനുകൂല പ്രകടനത്തിനെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.