< Back
Kerala
മനസ് കൊണ്ട് സ്വയം സേവകൻ, യുഡിഎഫിന്റെ ഭാഗമാകില്ല: വിഷ്ണുപുരം ചന്ദ്രശേഖരൻ
Kerala

മനസ് കൊണ്ട് സ്വയം സേവകൻ, യുഡിഎഫിന്റെ ഭാഗമാകില്ല: വിഷ്ണുപുരം ചന്ദ്രശേഖരൻ

Web Desk
|
22 Dec 2025 3:45 PM IST

പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു

തിരുവനന്തപുരം: യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരന്റെ പ്രതികരണം.

യുഡിഎഫിന്റെ ഭാഗമാകുമെന്ന വാർത്ത അറിയുന്നത് മാധ്യമങ്ങൾ വഴിയാണെന്നും യുഡിഎഫിലേക്ക് എടുക്കണം എന്ന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. എൻഡിഎയുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. അത് പരിഹരിക്കാൻ പ്രാപ്തനുമാണ്. തനിക്കുള്ള വിഷയങ്ങൾ രാജീവ് ചന്ദ്രശേഖർ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ ഇപ്പോഴും ഒരു സ്വയം സേവകനാണെന്നും എൻഡിഎ മുന്നണിയുമായി പല അതൃപിതികളുമുണ്ടെങ്കിലും അതിൽ നിന്ന് ചാടിപ്പോകാൻ മാത്രം അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയും എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നു. സി. കെ ജാനു നിലവിൽ യുഡിഎഫിന്റെ അസ്സോസിയേറ്റ് അംഗത്വം സ്വാഗതം ചെയ്തിട്ടുണ്ട്.

എൻഡിഎ ഘടക കക്ഷികളോട് കാണിക്കുന്ന സമീപനം ഒരാൾക്കും ഉൾക്കൊളളാൻ കഴിയാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്നൂറോളം സീറ്റുകൾ ബിസിജെഎസിന് കൊടുത്തതിൽ അവർ വിജയിച്ചില്ല. ഞങ്ങൾക്ക് നാല് സീറ്റ് മാത്രമേ നല്കിയുള്ളു അതിലൊന്ന് ജയിച്ചു. ഘടക കക്ഷികൾക്ക് വോട്ടിടാനുള്ള വൈമനസ്യം ബിജെപിക്കുണ്ട്. ആ സമീപനം ബിജെപി തിരുത്തണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

'എൻഡിഎയിൽ നിന്നിട്ട് പത്ത് പതിനൊന്ന് വർഷമായി ചായയും വടയും കഴിച്ചതല്ലാതെ അവിടെ നിന്ന് ഒന്നും നേടിയിട്ടില്ല. പത്ത് വർഷം മുൻപ് യുഡിഎഫിനെ സഹായിച്ചിട്ടുണ്ട്. അവർ ജില്ലയിൽ വിജയിച്ചു വന്നിട്ടുമുണ്ട്. അവരുടെ കയ്യിൽ നിന്ന് ഒരു ചായയും വാങ്ങിച്ചു കുടിച്ചിട്ടില്ല. 62 വയസായ ഞാൻ ഇനി ബാർഗയിൻ ചെയ്തതെടുക്കാനൊന്നുമില്ല.' അദ്ദേഹം കൂട്ടിച്ചേർത്തു.



Similar Posts