< Back
Kerala
ക്ഷേമ പെൻഷൻ കൂടുമോ? സന്തോഷ ബജറ്റ് കാണാമെന്ന് ധനകാര്യ മന്ത്രി
Kerala

ക്ഷേമ പെൻഷൻ കൂടുമോ? സന്തോഷ ബജറ്റ് കാണാമെന്ന് ധനകാര്യ മന്ത്രി

Web Desk
|
21 Jan 2026 9:28 AM IST

ഇന്ത്യയിലെ പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് മോശം അവസ്ഥ, കേരളത്തെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നുവെന്നും കെ.എൻ ബാലഗോപാൽ

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ജനങ്ങൾക്ക് സന്തോഷം നൽകുന്നതായിരിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. അത്യപൂർവ്വമായ ക്ഷേമ പദ്ധതികളാണ് കേരളത്തിലുള്ളത്. പ്രഖ്യാപിച്ച പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും ജനങ്ങൾക്ക് സന്തോഷകരമായ ഇപ്പോഴത്തെ കാര്യങ്ങൾ മുന്നോട്ട്‌കൊണ്ടുപോകാൻ പറ്റുന്ന ബജറ്റ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയവൺ നയതന്ത്രം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ചെലവ് കുറയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. പ്രതീക്ഷിച്ച തുകയിൽ നിന്ന് കേന്ദ്ര സർക്കാർ 6000 കോടി രൂപ കുറച്ചു. ഏറ്റവും വലിയ ശ്വാസം മുട്ടിക്കലാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന് ഉണ്ടാകുന്നതെന്നും പറഞ്ഞ മന്ത്രി കേരളത്തിന് കിട്ടേണ്ട നികുതി കുറഞ്ഞെന്നും വ്യക്തമാക്കി. ഇന്ത്യയിലെ പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് ഇതേ അവസ്ഥയാണുള്ളത്. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും എല്ലാവരുടെയും കേരളമായി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിൽ നിന്നും കലക്ട് ചെയ്ത് പോകുന്ന പണത്തിൽ അർഹമായത് കേരളത്തിന് തിരികെ നൽകണം. ബിഹാറിന് 75% തിരികെ നൽകുമ്പോൾ കേരളത്തിന് വളരെ കുറച്ച് തുക മാത്രമാണ് നൽകുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. പല മേഖലകളിലും പണം കുറയ്ക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്ത് സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാമെന്നും കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.

പാർട്ടി പ്രധാന പരിഗണന കൊടുത്തിരുന്ന വ്യക്തിയാണ് അയിഷാ പോറ്റിയെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നുമാണ് അയിഷാ പോറ്റിയുടെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി പ്രതികരിച്ചത്. ഇത്രയും പരിഗണന വേറെ ആർക്കും കിട്ടിയിട്ടില്ല. വ്യക്തിപരമായ പ്രശ്‌നമായിരിക്കാം പാർട്ടി വിടാൻ കാരണമെന്നും മന്ത്രി പറഞ്ഞു.

Similar Posts