< Back
Kerala
വഖഫ് നിയമ ഭേദഗതി ബില്ല്: സുപ്രിംകോടതി വിധി പ്രതീക്ഷ നല്‍കുന്നത്; ആശ്വസിക്കാറായിട്ടില്ല - വിസ്ഡം
Kerala

വഖഫ് നിയമ ഭേദഗതി ബില്ല്: സുപ്രിംകോടതി വിധി പ്രതീക്ഷ നല്‍കുന്നത്; ആശ്വസിക്കാറായിട്ടില്ല - വിസ്ഡം

Web Desk
|
15 Sept 2025 9:13 PM IST

വഖഫ് നിയമ ഭേദഗതി ബില്ലിലെ പ്രധാന നിയമങ്ങൾ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും വിസ്‌ഡം നേതാക്കൾ വാർത്ത കുറിപ്പിൽ അറിയിച്ചു

കോഴിക്കോട്: വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്തുകൊണ്ട് സുപ്രിം കോടതി ഇറക്കിയ ഉത്തരവ് വലിയ ആശ്വാസമാണെങ്കിലും ഗുരുതരമായ പ്രശ്നങ്ങള്‍ ഇനിയും അവശേഷിക്കുന്നുവെന്നതില്‍ ആശങ്കയുണ്ടെന്ന് വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജന. സെക്രട്ടറി ടി.കെ അശ്റഫ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സാധാരണഗതിയിൽ പാർലമെന്റ് പാസാക്കിയ നിയമത്തിൽ ചില വ്യക്തതകൾ നൽകുക മാത്രമാണ് സുപ്രിം കോടതി ചെയ്യാറുള്ളത്. എന്നാല്‍ വഖഫ് നിയമ ഭേദഗതി ബില്ലിലെ പ്രധാന നിയമങ്ങൾ തന്നെ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്നു എന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഈ വിധിയിലൂടെ ലഭിച്ചിരിക്കുന്നത്. വഖഫ് വസ്തുവില്‍ തർക്കമുന്നയിച്ചാല്‍ അന്ന് മുതല്‍ വഖഫല്ല എന്ന വ്യവസ്ഥ സ്റ്റേ ചെയ്തതും വഖഫ് ഭൂമി തർക്കങ്ങളില്‍ തീരുമാനമങ്ങളെടുക്കാനുള്ള ജില്ലാകളക്ടറുടെ അധികാരം സ്റ്റേ ചെയ്തതും ഈ വിധിയിലെ എടുത്തു പറയേണ്ട ഭാഗമാണ്.

ഒരു വസ്തു വഖഫ് ചെയ്യാന്‍ അഞ്ചു വര്‍ഷം മുസ്‍ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന വകുപ്പ് സ്റ്റേ ചെയ്തുവെങ്കിലും സംസ്ഥാനങ്ങള്‍ ചട്ടം ഉണ്ടാക്കുന്നതുവരെ മാത്രമാണ് സ്റ്റേ നിലനില്‍ക്കുക. ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രാധികാരം വരുന്നതോടെ വഖഫ് ചെയ്യാനുള്ള അവകാശം തന്നെ ചോദ്യം ചെയ്യപ്പെടുമെന്നത് വിധിയുടെ താൽപര്യം അട്ടിമറിക്കാൻ ഇടയാക്കുമെന്നും വഖഫ് യൂസര്‍ വിഷയത്തിലെ ഭേദഗതി അംഗീകരിച്ചുവെന്നത് നിരാശാജനകമാണെന്നും ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഗുരുദ്വാരകളിലും ദേവസ്വം ബോർഡുകളിലും അതത് സമുദായങ്ങൾക്കു മാത്രമാണ് അംഗത്വമുള്ളത് എന്നിരിക്കെ വഖഫിൽ മാത്രം ഇതര മതസ്ഥർ വേണമെന്ന നിബന്ധന കടുത്ത വിവേചനമാണെന്നും അന്തിമ വിധിയില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്നും നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഭേദഗതി വരുത്തിയ പ്രധാന ചില വകുപ്പുകളാണ് സുപ്രിംകോടതി സ്റ്റേ ചെയ്‌തത്. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് നിർദേശിച്ച കോടതി ജില്ലാ കലക്ടറുടെ അധികാരം സ്റ്റേ ചെയ്തു‌. വഖഫ് ബോഡിൽ മൂന്നും, നാഷണൽ കൗൺസിൽ നാലും അമുസ്‌ലിംകൾ മാത്രമേ പാടുള്ളു. വഖഫ് ബോർഡ് ചീഫ് എക്സ‌ിക്യൂട്ടീവിൽ കഴിവതും മുസ്‌ലാം ആയിരിക്കണം. വഖഫ് ചെയ്യാൻ അഞ്ചുവർഷം മുസ്‌ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന നിർദേശവും കോടതി സ്റ്റേ ചെയ്‌തു. പൗരന്മാരുടെ അവകാശത്തിന്മേൽ കലക്ടർമാർക്ക് തീർപ്പ് കപ്പിക്കാനാവില്ലന്നും സുപ്രിംകോടതി പറഞ്ഞു.

കഴിഞ്ഞ മെയ് 22നാണ് നിയമത്തിൻ്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്‌തുള്ള ഹരജികളിൽ സുപ്രിംകോടതി വിധി പറയാൻ മാറ്റിയത്. ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിനാണ് സുപ്രിംകോടതി ഇന്ന് ഉത്തരം പഞ്ഞത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസർക്കാർ വാദിച്ചത്.

Similar Posts