< Back
Kerala
Woman dies of excessive bleeding during childbirth in Malappuram Says postmortem report
Kerala

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചത് അമിത രക്തസ്രാവം മൂലം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Web Desk
|
7 April 2025 6:13 PM IST

പ്രസവത്തിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭർത്താവ് സിറാജുദ്ദീൻ പറഞ്ഞിരുന്നത്.

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചത് അമിത രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ആലപ്പുഴ സ്വദേശി സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂർ സ്വദേശിനിയുമായ അസ്മയാണ് കഴി‍ഞ്ഞദിവസം മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിൽ മരിച്ചത്.

പ്രസവത്തിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭർത്താവ് സിറാജുദ്ദീൻ പറഞ്ഞിരുന്നത്. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് പ്രസവം നടന്ന് രാത്രി ഒമ്പതിനാണ് അസ്മ മരിക്കുന്നത്. അതുവരെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല.

പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലായ യുവതി മൂന്ന് മണിക്കൂറോളം വീട്ടിൽ കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോവാൻ സിറാജുദ്ദീൻ തയാറായിരുന്നില്ലെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കും. നിലവിൽ പെരുമ്പാവൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മലപ്പുറം പൊലീസിന് കേസ് കൈമാറും.

ശനിയാഴ്ചയാണ് അസ്മ മരിച്ചത്. മൃതദേഹം ആരും അറിയാതെ ഭർത്താവ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുഞ്ഞ് ജനിച്ച ഉടനെ സിറാജുദ്ദീൻ വാട്ട്സ്ആപ്പിൽ ഈ വിവരം സ്റ്റാറ്റസ് ഇട്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ പിന്നീടുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിക്കുകയായിരുന്നു.

ഇതോടെ ആരുമറിയാതെ രാത്രിയോടെ തന്നെ യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഭാര്യക്ക് ശ്വാസംമുട്ടലാണെന്ന് ആംബുലൻസ് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര. വീട്ടിലെത്തിയതോടെ, ഭാര്യയുടെ ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. രാവിലെ പൊലീസ് വിളിക്കുമ്പോഴാണ് മലപ്പുറത്തെ പ്രദേശവാസികൾ വിവരം അറിയുന്നത്.

Similar Posts