
Photo-Special Arrangement
ആറ്റിങ്ങലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; മരിച്ചത് കോഴിക്കോട് സ്വദേശിനി
|വടകര സ്വദേശി അസ്മിനയാണ് മരിച്ചത്. ലോഡ്ജ് ജീവനക്കാരൻ കായംകുളം സ്വദേശി ജോബി ജോർജാണ് പ്രതിയെന്ന് നിഗമനം
തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം.
കോഴിക്കോട് വടകര സ്വദേശി അസ്മിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരൻ കായംകുളം സ്വദേശി ജോബി ജോർജാണ് പ്രതിയെന്നാണ് നിഗമനം. യുവതിയെ ഭാര്യയെന്ന് പറഞ്ഞു ലോഡ്ജിൽ താമസിപ്പിക്കുകയായിരുന്നു. രാത്രിയിൽ ജോബിയെ കാണാനായി മറ്റാരോ ലോഡ്ജിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ മുറി തുറക്കാതായപ്പോൾ നടത്തിയ പരിശോധനയിലാണ് അസ്മിനയെ മരിച്ച നിലയിൽ കാണുന്നത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് ലോഡ്ജ് ജീവനക്കാർ അകത്തേക്ക് കയറിയത്. ഇന്നലെയാണ് ഇവർ മുറിയെടുത്തത്.
അതേസമയം ജോബി പുലർച്ചെ മുറിയിൽ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. യുവതിയുടെ ശരീരത്തിൽ കുപ്പി കൊണ്ട് കുത്തിയ പാടുകളുണ്ട്. മുറിയിൽ നിന്ന് പൊട്ടിയ മദ്യക്കുപ്പി പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.