< Back
Kerala
ദർഷിതയെ കൊലപ്പെടുത്തിയത് വായിൽ ഡിറ്റണേറ്റർ തിരുകി പൊട്ടിച്ച്; മോഷ്ടിച്ച 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കണ്ടെത്താനായില്ല
Kerala

ദർഷിതയെ കൊലപ്പെടുത്തിയത് വായിൽ ഡിറ്റണേറ്റർ തിരുകി പൊട്ടിച്ച്; മോഷ്ടിച്ച 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കണ്ടെത്താനായില്ല

Web Desk
|
25 Aug 2025 11:54 AM IST

കടം വാങ്ങിയ പണം തിരികെ ചോദിച്ചതും ഭർത്താവിന്റെ കൂടെ ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചതുമാണ് സുഹൃത്ത് സിദ്ധരാജിനെ പ്രകോപിപ്പിച്ചത്

കണ്ണൂർ: കണ്ണൂർ കല്ല്യാട്ടെ വീട്ടിലെ കവർച്ചക്ക് ശേഷം കാണാതായ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി. കർണാടകയിലെ ലോഡ്ജിൽ വെച്ച് വായിൽ ഡിറ്റണേറ്റർ തിരുകി പൊട്ടിച്ചാണ് ദർഷിതയെ കൊലപ്പെടുത്തിയത്. ചാർജർ പൊട്ടിത്തെറിച്ച് അപകടമുണ്ടായി എന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം.

കടം വാങ്ങിയ പണം തിരികെ ചോദിച്ചതും ഭർത്താവിന്റെ കൂടെ ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചതുമാണ് സുഹൃത്ത് സിദ്ധരാജിനെ പ്രകോപിപ്പിച്ചത്. ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് കാണാതായ 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കണ്ടെത്താനായിട്ടില്ല. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ ഇന്നലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്ല്യാട് സ്വദേശി സുമതയുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും മോഷണം പോയത്. സുമതയുടെ മകന്റെ ഭാര്യ ദർഷിത സംഭവ ദിവസം സ്വദേശമായ കർണാടകയിലെ ഹുൻസൂരിലേക്ക് പോയത് സംശയത്തിന് ഇടയാക്കി. തുടർന്ന് ദർഷിതയെ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു.

ഇന്നലെയാണ് ദർഷിതയെ കർണാടക സാലിഗ്രാമത്തിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയെ സുഹൃത്ത് സിദ്ധരാജു ആസൂത്രിതമായി ലോഡ്ജിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൊബൈൽ ചാർജറിൽ കണക്ട് ചെയ്ത ഡിറ്റനേറ്റർ ബലമായി യുവതിയുടെ വായിൽ തിരുകിയ ശേഷം സ്ഫോടനം നടത്തുകയായിരുന്നു.

ദർഷിതയും സിദ്ധരാജുവും ചേർന്ന് സ്വർണവും കവർന്നുവെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ കവർച്ചയെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് സിദ്ധ രാജുവിന്റെ മൊഴി. കർണാടകയിലെ നടപടിക്രമങ്ങൾക്ക് ശേഷം സിദ്ധരാജുവിനെ ഇരിക്കൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.മോഷണശ്രമത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്.


Similar Posts