
കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം
|കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം
കൊച്ചി: കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. മറ്റൊരിടത്ത് കൊലപാതകം നടത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.
വൈറ്റില ഫ്ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിന് സമീപത്തായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിക്ക് പോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കാണുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉപയോഗശൂന്യമായി കിടന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കിടന്നത്.
ശരീരത്തിൽ മുറിവുകൾ ഉണ്ട്. സമീപത്തു കിടന്നിരുന്ന മൊബൈൽ ഫോണിൽ നിന്നും ലഭിച്ച സിം കാർഡ് കോട്ടയം സ്വദേശിയുടെയാണ്. അന്വേഷണം പുരോഗമിക്കുന്നു എന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ട് ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത് .
പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.