< Back
Kerala
വിഷുദിനത്തിലും സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാർത്ഥികൾ; രക്തം കൊണ്ട് പ്ലക്കാർഡ് എഴുതി
Kerala

വിഷുദിനത്തിലും സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാർത്ഥികൾ; രക്തം കൊണ്ട് പ്ലക്കാർഡ് എഴുതി

Web Desk
|
14 April 2025 12:57 PM IST

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കേ അടുത്ത മന്ത്രിസഭായോഗം തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ

തിരുവനന്തപുരം: വിഷുദിനത്തിലും സമരം കടുപ്പിച്ച് വനിതാ പോലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ. രക്തം കൊണ്ട് പ്ലക്കാർഡ് എഴുതിയായിരുന്നു ഇന്നത്തെ സമരമുറ. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കേ അടുത്ത മന്ത്രിസഭായോഗം തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. സമരത്തിൻറെ കാഴ്ച ഹൃദയഭേദകമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ 13 ദിവസമായി പലതരത്തിലുള്ള സമരമുറകളുമായി സെക്രട്ടറിയേറ്റിന് മുന്നിലാണ് വനിതാ പോലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അറുപധിലധികം ഉദ്യോഗാർത്ഥികൾ. വിഷുദിനത്തിൽ തെരുവിൽ കണിയൊരുക്കി കൺതുറന്ന ഉദ്യോഗാർത്ഥികൾ സ്വന്തം ചോര കൊണ്ട് പ്ലക്കാർഡ് എഴുതി പ്രതിഷേധിച്ചു. ഭക്ഷണവും വെള്ളവും പോലും ഉപേക്ഷിച്ച് പ്രതികൂല കാലാവസ്ഥയിലും ഇവിടെ തുടരുന്നത് ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. ഒപ്പം ഉണ്ടായിരുന്ന പലർക്കും ആരോഗ്യപ്രശ്നങ്ങൾ അടക്കം ഉണ്ടായി.

തൊള്ളായിരത്തിലധികം പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് വളരെ കുറച്ച് നിയമനം മാത്രമാണ് സർക്കാർ നടത്തിയത്. ബാക്കിയുള്ളവരെ കൂടി എത്രയും വേഗം നിയമിക്കണം എന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. സമരത്തോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത് വന്നു.

ഈ മാസം 19ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. അതിനുമുമ്പുള്ള മന്ത്രിസഭായോഗം ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് പ്രതീക്ഷയിൽ സമരം തുടരുകയാണ് വനിതാ പോലീസ് ഉദ്യോഗാർത്ഥികൾ.

സെക്രട്ടേറിയറ്റ് നടയില്‍ വനിതാ സിവില്‍ പോലീസ് ഉദ്യോഗാർത്ഥികൾ രാപ്പകൽ സമരം ഇന്ന് 13 ദിവസമായി. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ 259 പേർക്കു മാത്രമേ ഇതുവരെ നിയമന ശിപാർശ ലഭിച്ചിട്ടുള്ളൂ. വരുന്ന 5 ദിവസത്തിനുള്ളിൽ കൂടുതൽ പേർക്ക് നിയമനം നൽകണമെന്നാണ് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം.


Similar Posts