< Back
Kerala
കാസര്‍കോട്ട് കന്നുകാലികളെ ഇറക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം
Kerala

കാസര്‍കോട്ട് കന്നുകാലികളെ ഇറക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം

Web Desk
|
14 Feb 2026 6:36 PM IST

പുലര്‍ച്ചെ 1.30ഓടെയായിരുന്നു അക്രമം

കാസര്‍കോട്: കാസർകോട് മഞ്ചേശ്വരത്ത് ലോറിയില്‍ നിന്നു കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളെ ഒരു സംഘം മർദ്ദിച്ചു. യുപി സ്വദേശികളും പാലക്കാട്ട് താമസിക്കുന്നവരുമായ ഫുര്‍ക്കാന്‍ (47), ദാവൂദ് (28) കാസര്‍കോട് സ്വദേശി അബ്ബാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

പുലര്‍ച്ചെ 1.30ഓടെയായിരുന്നു അക്രമം. മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്തു കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുമ്പോൾ ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.

പിന്നിൽ സംഘ്പരിവാറാണെന്ന് എ.കെ.എം അഷ്റഫ് എംഎൽഎ പറഞ്ഞു. പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെ ഓട്ടോറിക്ഷയിലും ബൈക്കിലുമായി എത്തിയ അഞ്ചോളം വരുന്ന സംഘ്പരിവാറുകാരുടെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അക്രമത്തിന് നേതൃത്വം നൽകിയ പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിലെ അനിൽകുമാർ (23),പെർമുദയിലെ ഭരത് രാജ് (19), ഇച്ചിലങ്കോട്ടെ ഭരത് (19), രക്ഷിത് (21) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനക്കാരായ രണ്ടു പേരെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ച് നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.



Similar Posts