
വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം ഏറ്റുവാങ്ങിയ വി.എസ്. അനിൽകുമാറിന്‍റെ വീടിന് മുന്നിൽ റീത്ത്
|കണ്ണപുരത്തെ വീടിന്‍റെ ഗേറ്റിന് സമീപമാണ് ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്
കണ്ണൂര്‍: ഫണ്ട് വിവാദം പരാമശിക്കുന്ന വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരൻ വി.എസ് അനിൽ കുമാറിൻ്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന്‍റെ മുറ്റത്ത് ഇന്ന് പുലർച്ചെയാണ് റീത്ത് കണ്ടത്. സംഭവത്തിൽ അനിൽകുമാർ കണ്ണപുരം പൊലീസിൽ പരാതി നൽകി.
പ്രൊഫ. എം.എൻ. വിജയൻ്റെ മകനും കണ്ണൂർ സർവകലാശാല സ്റ്റുഡൻ്റ് ഡീനുമായിരുന്ന വി.എസ് അനിൽകുമാറിൻ്റെ വീടിൻ്റെ ഗേറ്റിന് മുന്നിലാണ് റീത്ത് വെച്ചത്. ഗേറ്റിന് സമീപത്തായി വെച്ച റീത്ത് പുലർച്ചെ മകനാണ് ആദ്യം കണ്ടത്. പൂമാല ആണെന്ന് കരുതി എങ്കിലും പിന്നീടാണ് റീത്താണെന്ന് മനസിലായത്.
ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിൻ്റെ പേരിൽ സിപിഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് അനിൽകുമാറായിരുന്നു. ഇതിൻ്റെ പ്രകോപനമാകാം റീത്ത് വെച്ചതിന് പിന്നിലെന്ന് സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്നും പൊലീസ് അന്വേഷിച്ച് പിന്നിലുള്ളവരെ കണ്ടെത്തട്ടെ എന്നും അനിൽകുമാർ മീഡിയവണിനോട് പറഞ്ഞു. ഇത്തരം പ്രവൃത്തി മൂലം ഭയപ്പെട്ട് വിമർശനങ്ങളിൽ നിന്ന് പിൻമാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതിലെ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് കുഞ്ഞികൃഷ്ണനും പ്രതികരിച്ചു. സിപിഎമ്മിൻ്റെ കാടൻ സംസ്കാരമാണ് റീത്തു വെച്ച സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. അനിൽകുമാർ നൽകിയ പരാതിയിൽ കണ്ണപുരം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അശോകൻ ചരുവിലിന്‍റെ കുറിപ്പ്
സത്യാനന്തരകാലം ആരംഭിക്കുന്നതിനെല്ലാം വളരെ മുൻപ് എഴുതപ്പെട്ട ഒരു കഥയാണ്. ജീവിതവും ചരിത്രവും അത്രമേൽ കൂടിച്ചേർന്ന ഒരു കഥ. ഭീഷ്മാസാഹ്നിയുടെ പ്രസിദ്ധമായ "തമസ്" എന്ന നോവൽ ആരംഭിക്കുന്നത് രാത്രിയിൽ ചേരിയിലെ തൻ്റെ കുടിലിൽ ഒരാൾ ഒരു പന്നിയെ കൊല്ലുന്ന രംഗത്തോടെയാണ്. പന്നിയെ കൊന്ന് തന്നെ ഏൽപ്പിക്കണമെന്ന് ഗ്രാമത്തിലെ ഒരു പ്രമുഖൻ അയാളോട് ആവശ്യപ്പെട്ടിരുന്നു.
ഏൽപ്പിച്ച പ്രവർത്തി ചെയ്ത് പ്രതിഫലം വാങ്ങി ആ തുകക്ക് മദ്യപിച്ച് അയാൾ ഉറങ്ങാൻ കിടന്നു. പിന്നെ അയാൾ ഉണർന്നത് വൈകുന്നേരമാണ്. അപ്പോഴേക്കും അയാളുടെ ചേരി മാത്രമല്ല; ആ ഗ്രാമവും ആ നാടും കത്തിയെരിഞ്ഞു കഴിഞ്ഞിരുന്നു. ഈയിടെ ആദരണീയനായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറക്കു മുന്നിൽ എൽഡിഎഫ് പ്രചരണബോർഡ് വെച്ച വാർത്ത വായിച്ചപ്പോൾ ഞാൻ ഭീഷ്മസാഹ്നിയെ ഓർത്തു.
ഇപ്പോൾ വി.എസ്.അനിൽകുമാറിൻ്റെ വീടിനു മുന്നിലെ റീത്ത് വാർത്ത വായിച്ചപ്പോഴും. എന്താണ് സംഭവിച്ചതെന്ന് അറിയില്ല; എന്തും സംഭവിക്കാം. കാലം അതാണ്. കുത്രന്ത്രികൾ എന്നപോലെ ബുദ്ധിശൂന്യരും ഏതു ചേരിയിലും ഉണ്ടാകാം. ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട്. കണ്ണപുരത്തുള്ള ഒരാളും അങ്ങനെയൊരു പ്രവർത്തി ചെയ്യില്ല. വി.എസ്.അനിൽകുമാറിൻ്റെ വീടിനു മുന്നിൽ റീത്തു വെച്ച നീചമായ നടപടിയെ ശക്തമായി അപലപിക്കുന്നു.