< Back
Kerala
thamarassery,thamarassery murder,Aashiq,kerala,latest malayalam news,താമരശ്ശേരി കൊലപാതകം,
Kerala

ഭാര്യയെ വെട്ടിക്കൊന്ന യാസിറും താമരശ്ശേരിയില്‍ മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖും സുഹൃത്തുക്കള്‍; ചിത്രങ്ങള്‍ പുറത്ത്

Web Desk
|
19 March 2025 8:00 AM IST

ഒരുമാസം മുന്‍പായിരുന്നു അടിവാരം സ്വദേശി സുബൈദയെ മയക്കുമരുന്നിന് അടിമയായ ആഷിഖ് കൊലപ്പെടുത്തിയത്

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ചൊവ്വാഴ്ച വൈകിട്ട് ഭാര്യയെ വെട്ടിക്കൊന്ന യാസിര്‍ ഒരുമാസം മുന്‍പ് താമരശ്ശേരിയില്‍ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖിന്‍റെ സുഹൃത്ത്. ആഷിഖും യാസിറും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നു. ഒരുമാസം മുന്‍പായിരുന്നു അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് സുബൈദയെ വെട്ടുകയായിരുന്നു.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചായിരുന്നു കൊലപാതകം. ഉമ്മയെ കാണാനെത്തിയ മകന്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സുബൈദയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുബൈദയെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭർത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭർത്താവായ യാസിര്‍ വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്മാനും ഹസീനയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

അക്രമത്തിന് ശേഷം കാറില്‍ രക്ഷപെട്ട ‍ യാസിർ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തു വെച്ച് പൊലീസ് പിടിയിലായി. നാലു വർഷം മുമ്പ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും ഒരുമിക്കുന്നത് . എന്നാല്‍ ആദ്യ മാസങ്ങള്‍ക്ക് ശേഷം യാസിറിന്റെ സ്വഭാവം മാറി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസർ മർദിക്കുകയും ഷിബിലയുടെ സ്വർണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നല്കി.എന്നാല്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു

Similar Posts