< Back
Kerala
കട്ടപ്പനയില്‍ കെട്ടിടത്തിനു മുകളിൽ നിന്നും യുവാവ് വീണു മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
Kerala

കട്ടപ്പനയില്‍ കെട്ടിടത്തിനു മുകളിൽ നിന്നും യുവാവ് വീണു മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

Web Desk
|
1 Sept 2021 7:22 AM IST

ലബ്ബക്കട പുളിക്കൽ ജോസിന്‍റെ മകൻ ജോബിൻ തിങ്കളാഴ്ചയാണ് മരിച്ചത്

ഇടുക്കി കട്ടപ്പനയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിനു മുകളിൽ നിന്നും യുവാവ് വീണു മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ലബ്ബക്കട പുളിക്കൽ ജോസിന്‍റെ മകൻ ജോബിൻ തിങ്കളാഴ്ചയാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായാണ് ജോബിൻ ഉൾപ്പെട്ട എട്ടംഗ സംഘം പുളിയന്മല റോഡിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ എത്തിയത്. മദ്യപിച്ച ശേഷമാണ് ഇവർ കെട്ടിടത്തിന് മുകളിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. രണ്ടു പേർ വീണ്ടും മദ്യം വാങ്ങാനായി പോയപ്പോഴാണ് ജോബിൻ കെട്ടിടത്തിൽ നിന്ന് വീണ് മരിക്കുന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ വീണതാണെന്നാണ് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിരിക്കുന്നത്.

എന്നാൽ അപകടം നടന്ന ദിവസം വൈകുന്നേരം അഞ്ചു മണി വരെ ജോബിൻ ലബ്ബക്കടയിലുണ്ടായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ആറരയോടെ ജോബിൻ കെട്ടിടത്തിൽ നിന്ന് വീണതായി അറിയിച്ചു. പണയത്തിലിരുന്ന ബൈക്ക് വാങ്ങിക്കൊണ്ടു വരാമെന്ന് പറഞ്ഞാണ് കട്ടപ്പനക്ക് പോയതെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഘത്തിലെ നാലു പേരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ ജോബിൻ കോവിഡ് പോസിറ്റീവായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തവരെ നിരീക്ഷണത്തിലാക്കി. ബന്ധുക്കൾ പരാതി ഉന്നയിച്ച സാഹചര്യത്തിൽ കട്ടപ്പന പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Related Tags :
Similar Posts