
കോഴിക്കോട്ട് ഭാര്യയാണെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടി; യുവതിക്ക് ഗുരുതര പരിക്ക്
|കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലാണ് സംഭവം
കോഴിക്കോട്ട് ഭാര്യയാണെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. നന്മണ്ട സഹകരണബാങ്കിലാണ് സംഭവം.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നന്മണ്ട സ്വദേശിയായ മാക്കാടമ്പാത്ത് ബിജു ബാങ്കിലെത്തി ഒരു ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതേ ബാങ്കിലെ ജീവനക്കാരിയാണ് ബിജുവിന്റെ ഭാര്യ.
ദീർഘനാളായി ബിജുവും ഭാര്യയും അകന്നുകഴിയുകയാണ്. ഭാര്യയോടുള്ള വിദ്വേഷം തീർക്കാനായി ബാങ്കിലെത്തിയതായിരുന്നു ഇയാൾ. എന്നാല്‍, ആളുമാറി വെട്ടിയത് ബാങ്കിലെ തന്നെ മറ്റൊരു ജീവനക്കാരിയായ മണ്ണാമ്പൊയിൽ സ്വദേശിയായ ശ്രീഷ്മയെയാണ്. യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ബാങ്കിലെ ക്ലർക്കാണ് ബിജുവിന്റെ ഭാര്യ. ബാങ്കിലെത്തിയ യുവാവ് ഭാര്യയാണെന്ന് കരുതിയാണ് ശ്രീഷ്മയെ അബദ്ധത്തിൽ വെട്ടിയത്. മാസ്‌ക് ധരിച്ചിരുന്നതിനാലാണ് ആളെ മാറിയതെന്ന് പൊലീസ് പറയുന്നു.
ബിജുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. നേരത്തെയും ബിജു ബാങ്കിലെത്തി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി ബാങ്ക് ജീവനക്കാർ പറയുന്നു.
Summary: Young man hacked a bank employee thinking she was his wife in Kozhikode; girl sustained serious injuries