
ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
|തങ്കപ്പൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി
പാലക്കാട്: പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ പ്രചരിപ്പിച്ചതിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ. യൂത്ത് കോൺഗ്രസ് കണ്ണാട് വൈസ് പ്രസിഡൻ്റ് സുജിത്ത്, സെക്രട്ടറി വിഷ്ണു എന്നിവരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.
ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ സ്ഥാനാർത്ഥിയാകുന്നതിനെ വിമർശിച്ചാണ് പോസ്റ്ററുകൾ പതിച്ചത്. കഴിഞ്ഞ ദിവസമാണ് ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തങ്കപ്പൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കോൺഗ്രസ് പാർട്ടിയെയും ജില്ലാ പ്രസിഡൻ്റിനെയും സമൂഹമധ്യത്തിൽ വ്യക്തിഹത്യ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്ററുകൾ പതിച്ചതെന്ന് പരാതിയിൽ പറയുന്നു . 'സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്' എന്നതടക്കമുള്ള അധിക്ഷേപ പരാമർശങ്ങൾ പോസ്റ്ററുകളിൽ ഉണ്ടായിരുന്നു.