< Back
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി യൂത്ത് കോൺഗ്രസ്
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി യൂത്ത് കോൺഗ്രസ്

Web Desk
|
13 Nov 2025 8:40 PM IST

കൊണ്ട തല്ലിൻ്റെയും കേസിൻ്റെയും എണ്ണവും ലഭിച്ച സീറ്റും പരിശോധിച്ചാൽ അവഗണന ബോധ്യമാകുമെന്നും ജനീഷ് പറഞ്ഞു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വേണ്ട രീതിയിലുള്ള പരിഗണന ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസിന് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. കൊണ്ട തല്ലിന്റെയും കേസിന്റെയും എണ്ണവും സീറ്റും പരിശോധിച്ചാൽ അവഗണന ബോധ്യമാകുമെന്നും ജനീഷ്.

സ്ഥാനാർഥി നിർണയത്തിൽ പാർട്ടി 30 വർഷം പുറകെ തന്നെ നിൽക്കുന്നുവെന്നും യൂത്ത് കോൺഗ്രസിന് അധ്യക്ഷൻ പറഞ്ഞു. അർഹിക്കുന്ന സ്ഥാനം ലഭിച്ചെന്ന വാദമില്ല. കോൺഗ്രസ് മത്സരിക്കുന്ന സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസിന് പരിഗണിക്കാനുള്ള സാഹചര്യമുണ്ട്. പരാതികൾ ഉയർന്നുവരുന്നത് യാഥാർത്ഥ്യമാണ്. വരും ദിവസങ്ങളിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി താഴെത്തലത്തിൽ നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്. പക്ഷേ താഴെത്തട്ടിൽ നടപടികൾ ഉണ്ടായില്ല. ചില ഘട്ടങ്ങളിൽ പോരായ്മ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ യുവ സമൂഹത്തിന് കൊടുക്കേണ്ട പരിഗണനയില്ല. പാർട്ടി ഇന്നുവരെ ജയിച്ചിട്ടില്ലാത്ത വാർഡിലാണ് താൻ വ്യക്തിപരമായി മത്സരിച്ചത്. പാർട്ടി ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലും പരിഗണിക്കണം. പലസ്ഥലങ്ങളിലും അപ്രതീക്ഷിതമായ വിജയം നേടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കുമെന്നും ജനീഷ് പറഞ്ഞു.

സംസ്ഥാന സർക്കാർ ഭരണത്തിൽ നിന്ന് പോകണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ലക്ഷ്യം. ചെറുപ്പക്കാരെ അണിനിരത്തിയാൽ പാർട്ടിക്ക് വലിയ വിജയം ഉണ്ടാകും. ഇതിനുവേണ്ട ചിന്ത പാർട്ടിയിൽ നിന്നും ഉണ്ടാകണം. പാർട്ടി കണക്കെടുപ്പ് നടത്തിയാൽ യൂത്ത് കോൺഗ്രസിന്റെ ആവശ്യം ന്യായമാണെന്ന് മനസ്സിലാകുമെന്നും ജനീഷ് പ്രതികരിച്ചു.

കൊല്ലം ഡിസിസി നേതൃത്വത്തിന് എതിരെ കെഎസ്‌യുവും രം​ഗത്തെത്തി. സ്ഥാനാർഥി നിർണയത്തിൽ കെഎസ്‌യു പ്രവർത്തകരെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം.

കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് ഡിസിസിയെ വിമർശിച്ച് ഫെയ്സ്ബുക്ക്‌ പോസ്റ്റിട്ടത്. ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തുമെന്നും കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ല കെഎസ്‌യു എന്നും പോസ്റ്റിൽ പറയുന്നു.

കെഎസ്‌യുക്കാർക്ക് കോളജിൽ മാത്രമല്ല പണി എന്നും ജില്ലാ പ്രസിഡന്റ്. കെഎസ്‌യു നൽകിയ 14 പേരുടെ പട്ടികയിൽ സീറ്റ്‌ നൽകിയത് ഒരാൾക്ക് മാത്രമാണ്. വെറും ആൾക്കൂട്ടമല്ല കെഎസ്‌യു എന്ന് നേതൃത്വം മനസിലാക്കണമെന്ന് പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു. ഡിസിസി നേതൃത്വത്തിന് നൽകിയ പട്ടികയും പോസ്റ്റിനൊപ്പം പങ്കുവച്ചു.

Similar Posts