< Back
Kerala
യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് കേസ്: പ്രതികൾക്ക് ജാമ്യം, അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് കോടതി
Kerala

യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് കേസ്: പ്രതികൾക്ക് ജാമ്യം, അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് കോടതി

Web Desk
|
23 Nov 2023 4:25 PM IST

അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് കേസിൽ നാലുപ്രതികൾക്കും ജാമ്യം. ഉപാധികളോടെ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ രാജ്യം വിട്ടുപോകരുതെന്നാണ് ഉപാധി. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

തുറന്ന കോടതിയിൽ നടന്ന വിശദമായ വാദങ്ങൾക്ക് ശേഷമാണ് ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്തത് മുതൽ റിമാൻഡ് റിപ്പോർട്ട്‌ വരെയുള്ള കാര്യങ്ങളിൽ കോടതി വിമർശനമുന്നയിച്ചു. ഉറങ്ങിക്കിടന്ന പ്രതികളെ എന്തിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ ഇതിൽ നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി. പ്രതികളെ കസ്റ്റഡിയിലെടുത്ത സമയവും അറസ്റ്റ് രേഖപ്പെടുത്തിയ സമയവും തമ്മിലുള്ള അന്തരവും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിശദമായി ചോദ്യം ചെയ്തതുകൊണ്ടാണ് അറസ്റ്റിലേക്ക് കടക്കാൻ വൈകിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കോടതി ഇത് മുഖവിലക്കെടുത്തില്ല. ഇതിനിടെ പ്രതികളായ ഫെനി, ബിനിൽ എന്നിവർ ഒളിവിൽപ്പോകാൻ ശ്രമിച്ചത് തന്റെ കാറിലാണെന്ന മീഡിയവൺ വാർത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചു.

വ്യാജ കാർഡുകൾ നിർമിച്ചത് യൂത്ത് കോൺഗ്രസിലെ 'എ' ഗ്രൂപ്പിന് വേണ്ടിയാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് കോടതിയെ അറിയിച്ചു. വിഷയം രാജ്യസുരക്ഷയെ ബാധിക്കുമെന്നും പൊലീസ് അറിയിച്ചു.



Similar Posts