< Back
Kerala
ഇത് അഭിലാഷിന്‍റെ പ്രതികാരം: ചെരുപ്പിടാതെ സംഘപരിവാറിനെതിരെ സന്ധിയില്ലാത്ത സമരത്തിൽ യുവനേതാവ്
Kerala

ഇത് അഭിലാഷിന്‍റെ പ്രതികാരം: ചെരുപ്പിടാതെ സംഘപരിവാറിനെതിരെ സന്ധിയില്ലാത്ത സമരത്തിൽ യുവനേതാവ്

Web Desk
|
29 May 2022 9:04 AM IST

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഭിലാഷ് പ്രഭാകര്‍

കൊച്ചി: യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി ചെരുപ്പിടാതെ വോട്ട് ചോദിക്കുകയാണ് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ്. കഴിഞ്ഞ നാല് വര്‍ഷമായി ചെരുപ്പിടാതെയാണ് അഭിലാഷ് പ്രഭാകര്‍ നടക്കുന്നത്. സംഘപരിവാറിനെതിരായ സന്ധിയില്ലാത്ത സമരത്തിന്റെ ഭാഗമായിട്ടാണ് ഈ യുവ നേതാവ് ചെരുപ്പിടാതെ നടക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഭിലാഷ് പ്രഭാകര്‍. തൃശൂര്‍ ചിറ്റപ്പള്ളി സ്വദേശി. നിലപാടിന്‍റെ കാര്യത്തില്‍ പി.ടി തോമസ് തന്നെയാണ് ഗുരു. നാട്ടിലെ സംഘപരിവാറുകാരുമായി ഉണ്ടായ തര്‍ക്കവും തുടര്‍ന്ന് അവരില്‍ നിന്ന് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളുമാണ് കടുത്ത നിലപാടിലേക്ക് അഭിലാഷിനെ എത്തിച്ചത്.

"ഒരു സംഘപരിവാറുകാരന്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം കാലില്‍ ചെരുപ്പിടില്ല. ഈ രാജ്യത്തെ മണ്ണില്‍ത്തട്ടി നടക്കും. ഞാനൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ നിരന്തരം പരാതി കൊടുക്കുകയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പരിഹാരം എന്തെന്ന് ചോദിച്ചപ്പോള്‍ ബി.ജെ.പിയാവുക, ആര്‍.എസ്.എസ് ആവുക എന്നാണ് എന്നോട് പറഞ്ഞത്. ആര്‍.എസ്.എസുകാരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട സാഹചര്യമാണ് നാട്ടിലുള്ളത്"- അഭിലാഷ് പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി തൃക്കാക്കരയില്‍ യു.ഡി.എഫ് പ്രചാരണത്തില്‍ സജീവമായി അഭിലാഷുണ്ട്. ചെരുപ്പിടാതെ ഓരോ വീടുകളും കയറി ഉമ തോമസിന് വേണ്ടി വോട്ടുറപ്പിക്കുകയാണ് അഭിലാഷ്. ചെരുപ്പിടാതെ നടന്ന് കാലുകള്‍ വിണ്ടുകീറി തുടങ്ങി. കല്ലു മുള്ളുമൊന്നും ഇപ്പോള്‍ വകവെക്കാറില്ല. സംഘപരിവാറിനെതിരായ ഒറ്റയാള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അഭിലാഷ് പറയുന്നത്. വോട്ട് ചോദിച്ചെത്തുന്ന അഭിലാഷിനെ കാണുമ്പോള്‍ വോട്ടര്‍മാരും ചെരുപ്പിടാത്തതിന്‍റെ കാരണം ചോദിക്കും. എല്ലാവരോടും തല ഉയര്‍ത്തി തന്നെ അഭിലാഷ് മറുപടിയും നല്‍കും.

Related Tags :
Similar Posts