
ദുൽഖിഫിൽ Photo: MediaOne
'ഷാഫി പറമ്പിൽ അന്ന് വന്നില്ലെങ്കിൽ സിപിഎം അവിടെ കലാപമുണ്ടാക്കിയേനെ'; വി.പി ദുൽഖിഫിൽ
|വടകരയിൽ സിപിഎമ്മും ആർഎസ്എസും പൊലീസും ചേർന്ന് നക്സസ് പ്രവർത്തിക്കുന്നുണ്ടെന്നും ദുൽഖിഫിൽ മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ സ്ഥലത്തെത്തിയില്ലായിരുന്നുവെങ്കിൽ അവിടെ സിപിഎം കലാപമുണ്ടാക്കുമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ. വടകരയിൽ സിപിഎമ്മും പൊലീസും ആർഎസ്എസും ചേർന്ന നക്സസ് പ്രവർത്തിക്കുന്നുണ്ടെന്നും ദുൽഖിഫിൽ മീഡിയവണിനോട് പറഞ്ഞു. ആർഎസ്എസ്സിന്റെ പോഷക സംഘടനയുടെ അനുമോദന സദസ്സിൽ പങ്കെടുത്ത സജിത്ത് പി ടി എന്ന ഉദ്യോഗസ്ഥൻ സി പി എമ്മിൻ്റെ പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് അസോസിയേഷൻ മെമ്പർമാരും സംഘപരിവാർ വേദിയിൽ പങ്കെടുത്തതിനെക്കുറിച്ച് സിപിഎമ്മിന് എന്താണ് പറയാനുള്ളതെന്നും ദുൽഖിഫിൽ ചോദിച്ചു.
'സിപിഎം പ്രാദേശിക നേതൃത്വങ്ങളുടെ എതിർപ്പ് മറികടന്നാണ് സജിത്ത് പി.ടി എന്നയാൾ ആർഎസ്എസിന്‍റെ പരിപാടിയിൽ പങ്കെടുത്തത്. എസ്പി മാത്രമല്ല, പൊലീസ് അസോസിയേഷന്‍റെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും പങ്കെടുത്തിട്ടുണ്ട്. ബിജെപിയിതര സംഘടനയിൽ പെട്ട മറ്റൊരാളും പങ്കെടുത്തിട്ടില്ല.' ദുൽഖിഫിൽ മീഡിയവണിനോട് പറഞ്ഞു.
ആർഎസ്എസിന് അത്രയും വിശ്വാസമുള്ള ആളുകൾ മാത്രം പങ്കെടുക്കുന്ന പരിപാടിയാണ്. എന്ത് ഡീലിന്‍റെ ഭാഗമായിട്ടാണ് ഈ ഉദ്യോഗസ്ഥൻ പരിപാടിയിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കണമെന്നും ദുൽഖിഫിൽ ചോദിച്ചു.