< Back
Kerala
Youth congress leader resigned Ullal
Kerala

'കോൺഗ്രസ് ഭരിച്ചിട്ടും ജില്ലയിൽ വർഗീയ ശക്തികൾ വാഴുന്നു'; ഉള്ളാളിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറി രാജിവെച്ചു

Web Desk
|
28 May 2025 8:50 PM IST

കോൺ​ഗ്രസിന്റെ അവഗണനയുടെയും അലസതയുടെയും ഫലമായാണ് മേഖലയിൽ സംഘ്പരിവാർ ആക്രമണങ്ങൾ ആവർത്തിക്കുന്നതെന്ന് ഷമീർ പറഞ്ഞു.

മംഗളൂരു: തീരദേശ മേഖലയിൽ വർഗീയത അടിച്ചമർത്തുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് ഉള്ളാൾ യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീർ രാജിവച്ചു. രണ്ട് വർഷമായി സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലുണ്ടെങ്കിലും വർഗീയവാദികളെ നിയന്ത്രിക്കാൻ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷമീർ പത്രക്കുറിപ്പിൽ പറഞ്ഞു. ബണ്ട്വാൾ താലൂക്കിലെ കോൽത്തമജലുവിൽ അബ്ദുൾ റഹ്മാന്റെ കൊലപാതകം ചൂണ്ടിക്കാട്ടി തീരദേശ കർണാടകയിൽ ഇത്തരം വർഗീയ അക്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസിന്റെ അവഗണനയുടെയും അലസതയുടെയും ഫലമാണ് ഈ സംഭവങ്ങൾ. പ്രദേശത്ത് സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിൽ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പരാജയപ്പെട്ടു. സംഘ്പരിവാർ അംഗങ്ങൾക്ക് അവരുടെ അക്രമപ്രവർത്തനങ്ങൾ തുടരാൻ സ്വാതന്ത്ര്യം നൽകിയ അവസ്ഥയാണ്. ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ഈ വിഷയത്തിലുള്ള അശ്രദ്ധമായ മനോഭാവം പൗരന്മാർക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പൊലീസ് വകുപ്പിനെ സംസ്ഥാന സർക്കാർ നിയന്ത്രിക്കാത്തതിൽ ജനങ്ങൾ കൂടുതൽ ആശങ്കാകുലരാണ്.

ശരൺ പമ്പ്‌വെൽ, ശ്രീകാന്ത് ഷെട്ടി തുടങ്ങിയ സംഘ്പരിവാർ പ്രവർത്തകരെ നീതിന്യായ സംവിധാനങ്ങൾ വെറുതെ വിടുക മാത്രമല്ല, പെട്ടെന്ന് ജാമ്യം നൽകുകയും ചെയ്യുന്നതിൽ അദ്ദേഹം കൂടുതൽ അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ കാരണം ആളുകൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിലെ പോരായ്മകളാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നതെന്ന് എന്നും ഷമീർ പറഞ്ഞു.

Similar Posts