< Back
Kerala
Youth Congress Leader Suggested Kodikkunnil Suresh MP to Kpcc President post
Kerala

'കെപിസിസി അധ്യക്ഷനായി കൊടിക്കുന്നിൽ സുരേഷ് വരട്ടെ'; യൂത്ത് കോൺഗ്രസ് നേതാവ്

Web Desk
|
4 May 2025 3:03 PM IST

കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെയാണ് കൊടിക്കുന്നിലിനെ പിന്തുണച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് രം​ഗത്തെത്തുന്നത്.

കൊല്ലം: കെപിസിസി അധ്യക്ഷനായി ഇത്തവണ കൊടിക്കുന്നിൽ സുരേഷ് വരട്ടെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊടിക്കുന്നിൽ കോൺഗ്രസിൻ്റെ സൗമ്യമുഖമാണെന്നും പാർട്ടിക്ക് വിധേയനാണെന്നും പോസ്റ്റിൽ പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജ് ആണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ഇട്ടത്.

കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെയാണ് കൊടിക്കുന്നിലിനെ പിന്തുണച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് രം​ഗത്തെത്തുന്നത്. അധ്യക്ഷ സ്ഥാനത്തുനിന്ന് താൻ മാറില്ലെന്ന് കെ. സുധാകരൻ പറയുമ്പോഴാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്.

എന്നും പാർട്ടിക്ക് വിധേയനായി നിന്ന് പല ഒഴിവാക്കലുകളും നേരിടേണ്ടിവന്ന ഒരു നേതാവാണ് കൊടിക്കുന്നിലെന്ന് പോസ്റ്റിൽ പറയുന്നു. എട്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരംഗം. പിന്നാക്കവിഭാഗത്തിൽ നിന്ന് ഒരാൾ ഇത്തവണ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നും അനുതാജ് പറയുന്നു. പോസ്റ്റ് പലരും ഷെയർ ചെയ്തിട്ടുണ്ട്.

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. സംഘടനാതലത്തിൽ കേരളത്തിൽ ശക്തമാണെന്നും നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടാകുമെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു.

'വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും കോൺഗ്രസിനുള്ള പങ്കും വിജയസാധ്യതയെക്കുറിച്ചുമാണ് ഡൽഹിയിൽ ചർച്ച നടത്തിയത്. തന്നെ മാറ്റുമെന്ന് അറിയാതെ പോലും ആരുടെയും നാവിൽനിന്ന് വീണതായി ഞാൻ കേട്ടിട്ടില്ല. നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന് എന്നോട് പറഞ്ഞിട്ടില്ല. ജീവനുള്ള കാലത്തോളം വരെ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി എല്ലാം വിട്ടെറിഞ്ഞ് പ്രവർത്തിക്കും'- സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍, കെപിസിസിയിൽ നേതൃമാറ്റം ഉടൻ ഉണ്ടായേക്കുമെന്ന് പുറത്തുവരുന്ന വിവരങ്ങള്‍.

Similar Posts