< Back
Kerala

Kerala
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു
|9 May 2021 3:01 PM IST
നിരവധി കേസുകളിൽ പ്രതിയായ മണമ്പൂർ കല്ലറ തോട്ടംവീട്ടിൽ ജോഷിയാണ് കൊല്ലപ്പെട്ടത്
തിരുവനന്തപുരം കടയ്ക്കാവൂരിൽ യുവാവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായ മണമ്പൂർ കല്ലറ തോട്ടംവീട്ടിൽ ജോഷി(34)യാണ് കൊല്ലപ്പെട്ടത്.
ഇന്നു രാവിലെ ഒൻപതരയ്ക്കാണു സംഭവം. കവലയൂരിലെ ജോഷിയുടെ വീടിനു പരിസരത്തുവച്ച് മൂന്നംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ശരീരമാകെ വെട്ടേറ്റ ജോഷിയെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍, ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.