< Back
Kerala
koduvally kidnap case
Kerala

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ്

Web Desk
|
19 May 2025 2:17 PM IST

ശനിയാഴ്ച വൈകിട്ടാണ് താമരശ്ശേരി കിഴക്കോത്ത് പരപ്പാറ സ്വദേശി അനൂസ് റോഷനെ വീട്ടിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ട് പോയത്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പൊലീസ്. പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് താമരശ്ശേരി കിഴക്കോത്ത് പരപ്പാറ സ്വദേശി അനൂസ് റോഷനെ വീട്ടിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ട് പോയത്.

ഒരു ബൈക്കിലും കാറിലുമായെത്തിയ സംഘമാണ് കൊടുവള്ളി കിഴക്കോത്ത് പരപാറയിലെ വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ആദ്യം ബൈക്കിൽ ഉള്ളവരാണ് വീട്ടിൽ എത്തിയതെന്നും കുടുംബം മൊഴി നൽകിയിരുന്നു. ഇവരെയാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത് .ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.

പ്രതികൾ തട്ടിക്കൊണ്ട് പോയ അന്നൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ. ഈ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ തട്ടിക്കൊണ്ട് പോകാൻ എത്തുന്നതിനു മുമ്പും പ്രതികളുമായി ബന്ധപ്പെട്ടവർ പരപാറയിലെ വീട്ടിൽ എത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ഇവർ ഇവിടെ എത്തിയ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

ഈ വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.അതേസമയം, പ്രതികൾ തട്ടിക്കൊണ്ട് പോയ അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ ഒരു മാസം മുമ്പ് ദുബായിൽ നിന്ന് നാട്ടിൽ എത്തിയിട്ടുണ്ട് .എന്നാല് ഇപ്പോള്‍ എവിടെ ആണെന്ന് അറിയില്ലെന്നുമാണ് കുടുംബത്തിൻ്റെ മൊഴി. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കുടുംബത്തിൻ്റെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിരുന്നു.



Similar Posts