< Back
Kerala
Zacharia about fake kumbh mela post
Kerala

'അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല; കുംഭമേളയെ കുറിച്ചുള്ള എൻ്റെ പുസ്തകം വായിക്കാന്‍ വ്യാജ പോസ്റ്റിട്ടവരെ ക്ഷണിക്കുന്നു'

ശരത് ലാൽ തയ്യിൽ
|
6 Feb 2026 12:14 PM IST

തിരുനാവായയില്‍ നടന്ന കുംഭമേളയെ കുറിച്ച് താന്‍ നടത്തിയ പ്രസ്താവനയെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് സാഹിത്യകാരന്‍ സക്കറിയ

കോഴിക്കോട്: തിരുനാവായയില്‍ നടന്ന കുംഭമേളയെ കുറിച്ച് താന്‍ നടത്തിയ പ്രസ്താവനയെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് സാഹിത്യകാരന്‍ സക്കറിയ. വ്യാജ പോസ്റ്റ് പിന്‍വലിക്കണം. ഹരിദ്വാറില്‍ നടന്ന മഹാകുംഭ മേളയെ പറ്റി താന്‍ എഴുതിയ 'ബം ബം ഹര ഹര ബം ബം ബോല്‍' എന്ന പുസ്തകം വായിക്കാന്‍ വ്യാജ പോസ്റ്റിട്ടവരെ ക്ഷണിക്കുകയാണെന്നും സക്കറിയ പറഞ്ഞു.

തിരുനാവായ കുംഭമേള കേരള ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് എന്ന പോസ്റ്റാണ് സഖറിയ പൊന്‍കുന്നം എന്നയാളുടെ പേരില്‍ പ്രചരിപ്പിച്ചത്. ഇതിനൊപ്പം നല്‍കിയത് എഴുത്തുകാരന്‍ സക്കറിയയുടെ ചിത്രവുമാണ്. 'കേരള സര്‍ക്കാറിന്റെ യാതൊരു പിന്തുണയുമില്ലാതെ, ഹൈന്ദവ ജനതയും കൂടി വോട്ട് ചെയ്ത 140 എംഎല്‍എമാരും തിരിഞ്ഞുനോക്കാതെ, 19 എംപിമാരും തിരിഞ്ഞുനോക്കാതെ, ഹൈന്ദവ ജനത അവരുടെ നട്ടെല്ലിന്റെ ബലം കൊണ്ട് വിജയിപ്പിച്ചെടുത്ത നിളാതീരത്തെ മഹാകുംഭമേള കേരള ചരിത്രത്തില്‍ നാഴികക്കല്ലാണ്' -എന്നാണ് സക്കറിയയുടെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നത്.

ഇത് പിന്‍വലിക്കണമെന്നും വ്യാജ പോസ്റ്റിട്ടവര്‍ മഹാകുംഭമേളയെ കുറിച്ച് താന്‍ എഴുതിയ പുസ്തകം വായിക്കണമെന്നുമാണ് സക്കറിയ ആവശ്യപ്പെട്ടിരിക്കുന്നത്. 'എന്റെ ചിത്രം ഉപയോഗിച്ചുകൊണ്ട് ഇങ്ങനെയൊരു വ്യാജ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. 'സക്കറിയ പൊന്‍കുന്നം ' എന്ന പേരിന് മുകളില്‍ ആണ് ഇത് കാണപ്പെട്ടത്. സക്കറിയ പൊന്‍കുന്നം ഒരു ഫോട്ടോഗ്രാഫര്‍ ആണ് എന്ന് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ നിന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ പോസ്റ്റ് എങ്കില്‍ അത് എത്രയും വേഗം പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഞാന്‍ കുംഭമേളയെ പറ്റി ഒരു പുസ്തകം എഴുതിയിട്ടുണ്ട്. 'ബം ബം ഹര ഹര ബം ബം ബോല്‍' എന്നാണ് അതിന്റെ പേര്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഹരിദ്വാറില്‍ നടന്ന മഹാകുംഭമേളയെ പറ്റിയാണ് അത്. വ്യാജ പോസ്റ്റിട്ടവരെ അത് വായിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.' -സക്കറിയ സമൂഹമാധ്യമത്തില്‍ പറഞ്ഞു. തന്റെ പുസ്തകത്തിന്റെ കവറും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.


Similar Posts