< Back
Kuwait
വിയറ്റ്നാം, ഗിനിയ തൊഴിലാളികള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തി കുവെെത്ത്
Kuwait

വിയറ്റ്നാം, ഗിനിയ തൊഴിലാളികള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തി കുവെെത്ത്

Web Desk
|
8 Nov 2018 1:48 AM IST

രാജ്യത്ത് ഗാർഹിക തൊഴിലാളി ക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് വിയറ്റ്നാമിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ ഇരു രാജ്യങ്ങളും ധാരണയായത്.

വിയറ്റ്നാം, ഗിനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കുവൈത്ത് വിസ നിയന്ത്രണം ഏർപ്പെടുത്തി. വിയറ്റ്നാമിൽനിന്ന് എല്ലാ തരം തൊഴിലാളികൾക്കും ഗിനിയയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്കും ആണ് വിലക്ക് ബാധകം. ജോർജിയൻ പാസ്പോർട്ടുള്ളവർക്ക് വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്

ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വകുപ്പ് മേധാവി മേജർ ജനറൽ ഖാലിദ് അൽ ദായീെൻറ നിർദേശ പ്രകാരമാണ് നടപടി. ഇൗ രാജ്യങ്ങളിൽനിന്നുള്ള ധാരാളം ആളുകൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് വിസ വിലക്ക് ഏർപ്പെടുത്തിയത്. ഗാർഹിക ത്തൊഴിലാളി റിക്രൂട്മെന്റിനായുള്ള അൽദുർറ കമ്പനി വഴി വിയറ്റ്നാമിൽനിന്നുള്ള വീട്ടുജോലിക്കാരുടെ ആദ്യ ബാച്ചിൻറെ റിക്രൂട്ടിങ് നടപടികൾ പുരോഗമിക്കവെയാണ് വിസ വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത് . താമസകാര്യ വകുപ്പിലെ പാസ്പോർട്ട്, പൗരത്വകാര്യ മേധാവി മേജർ ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ് അസ്സബാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്ത് ഗാർഹിക തൊഴിലാളി ക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് വിയറ്റ്നാമിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ ഇരു രാജ്യങ്ങളും ധാരണയായത്. നിലവിൽ 300-400 വിയറ്റ്നാമീസ് തൊഴിലാളികൾ മാത്രമാണ് കുവൈത്തിലുള്ളത്. ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ജോർജിയൻ പാസ്സ്പോർട്ടുള്ളവർക്കു വിസ നൽകാവൂ എന്നും ഉത്തരവിൽ നിർദേശമുണ്ട് .

Similar Posts