
കുവെെത്ത് സ്വദേശിവത്കരണം; സ്വകാര്യമേഖലയില്‍ നിന്ന് സ്വദേശികള്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു
|പതിനായിരത്തിൽ പരം കുവൈത്തികളാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി രാജിവെച്ചു സർക്കാർ മേഖലയിലേക്ക് ചേക്കേറിയത്.
കുവൈത്തിൽ ജനസംഖ്യാ ക്രമീകരണവും സ്വദേശിവൽക്കരണവും സജീവമായിരിക്കുമ്പോൾ തന്നെ സ്വാകാര്യ തൊഴിൽ മേഖലയിൽ നിന്ന് സ്വദേശി ജീവനകകരുടെ വൻ കൊഴിഞ്ഞു പോക്കെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പതിനായിരത്തിൽ പരം കുവൈത്തികളാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി രാജിവെച്ചു സർക്കാർ മേഖലയിലേക്ക് ചേക്കേറിയത്.

സർക്കാർ മേഖലയിൽ കൂടുതൽ തൊഴിൽ സുരക്ഷയും സ്ഥിരതയും ലഭിക്കുമെന്നു കണ്ടാണ് സ്വദേശികൾ സ്വകാര്യ മേഖലയെ കൈവിടുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിഭാരവും സമ്മർദ്ദങ്ങളും ഈ പ്രവണതക്ക് ആക്കം കൂട്ടുന്നുമുണ്ട്. 2015 നും 2017 നും ഇടക്കുള്ള കാലയളവിൽ 11443 പേരാണ് ഈ തരത്തിൽ കൂടുമാറിയത്. അതേസമയം, സ്വദേശികളുടെ സ്വകാര്യ മേഖലയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ജനസംഖ്യാ ക്രമീകരണ നടപടികളെ സാരമായി ബാധിക്കുന്നതയാണ് വിലയിരുത്തൽ.

സ്വദേശി ചെറുപ്പക്കാർക്കിടയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലിലായ്മ ഇല്ലാതാക്കാൻ സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കു പ്രകാരം വെറും അഞ്ചു ശതമാനം മാത്രമാണ് സ്വകാര്യ മേഖലയിൽ സ്വദേശി സാന്നിധ്യം. പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തോട് ഒപ്പം നിർത്താൻ പ്രത്യേക അലവൻസുകളും സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് നൽകുന്നുണ്ട്. എന്നാൽ ഇവയൊന്നും വലിയ രീതിയിൽ ഫലം ചെയ്യുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജനസംഖ്യാ സന്തുലനം സാധ്യമാകണമെങ്കിൽ സ്വകാര്യ മേഖലയിൽ നിന്നുള്ള സ്വദേശികളുടെ കൊഴിഞ്ഞു പോക്കും വിദേശികളെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യവും ഇല്ലാതാക്കണമെന്നാണ് പാർലിമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്