< Back
Kuwait
കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു
Kuwait

കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

Web Desk
|
3 Jan 2019 11:42 PM IST

കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. ഇന്ത്യൻ എംബസ്സി വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ലിസ്റ്റിൽ ഗാർഹികത്തൊഴിലാളികളുടെ മിനിമം വേതനം 70 ദിനാറിൽ നിന്നും 100 ആക്കി ഉയർത്തിയിട്ടുണ്ട്. 2019 ജനുവരി മുതൽ പുതുക്കിയ ശമ്പള നിരക്ക് പ്രാബല്യത്തിൽ വന്നതായും അറിയിപ്പിൽ പറയുന്നു.

വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ അറിയിപ്പ് അനുസരിച്ചു അവിദഗ്ധരായ ഗാർഹിക ജോലിക്കാർക്ക് ചുരുങ്ങിയ വേതനം 100 ദീനാർ ലഭിക്കണം. വീട്ടുവേലക്കാർ, പാചകക്കാർ, ഡ്രൈവർമാർ, ഹെൽപർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് ഈ നിരക്ക് ആയിരിക്കും ഇനി മുതൽ ബാധകമാകുക. ഇതോടൊപ്പം ഡിപ്ലോമ യോഗ്യതയുള്ള നഴ്‌സുമാരുടെ വേതനം 275 ദീനാറും ബി.എസ്.സി യോഗ്യതയുള്ളവരുടേത് 350 ദീനാറും ആക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇത് യഥാക്രമം 260 ദീനാർ, 325 ദീനാർ എന്നിങ്ങനെയായിരുന്നു. ഗാർഹികത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം, താമസം, ചികിത്സ, നാട്ടിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് എന്നിവ നൽകണമെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റമില്ല. പുതുക്കിയ വേതനനിരക്ക് സംബന്ധിച്ച പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതച്ചെലവ് ഉയർന്നതിന്റെയും ഇപ്പോഴത്തെ തൊഴിൽ വിപണി നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ചുരുങ്ങിയ വേതനം പരിഷ്കരിക്കാൻ തീരുമാനിച്ചതെന്നും എംബസ്സിയുടെ അറിയിപ്പിൽ പറയുന്നു. മൂന്നുവർഷം മുമ്പാണ് ഇന്ത്യൻ എംബസ്സി തൊഴിലാളികളുടെ മിനിതം വേതനം പരിഷ്കരിച്ചത്.

Related Tags :
Similar Posts