< Back
Latest News
വണ്ണപ്പുറം കൂട്ടകൊല: ഷിബുവില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
Latest News

വണ്ണപ്പുറം കൂട്ടകൊല: ഷിബുവില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

സുഫീറ എരമംഗലം
|
5 Aug 2018 10:41 AM IST

മന്ത്രവാദവുയി ബന്ധപ്പെട്ട് നിരവധി ഉന്നതരുമായി കൃഷ്ണന് ബന്ധമുള്ളതായി പൊലീസിന് വിവിരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിബുവിനെ ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ഇടുക്കി വണ്ണപ്പുറം കൂട്ടകൊലപാതകത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഷിബുവില്‍ നിന്ന് പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. കൊല്ലപ്പെട്ട കൃഷ്ണന്‍റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചു. കൃഷ്ണന്‍റെ ബാങ്ക് അക്കൌണ്ടുകള്‍ സംബന്ധിച്ചും പൊലീസ് പരിശോധിച്ചുവരികയാണ്.

മന്ത്രവാദ ക്രിയാകര്‍മങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉന്നതരുമായി കൃഷ്ണന് ബന്ധമുള്ളതായി പൊലീസിന് വിവിരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബുവിനെ ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതില്‍ കൃഷ്ണനുമായി അടുത്ത ബന്ധം ഷിബുവിന് ഉണ്ടായിരുന്നതായാണ് സൂചന. ഇവരുടെ അടുത്തു സുഹൃത്തക്കളും പൊലീസ് നിരീക്ഷണത്തിലാണ്.‌

മന്ത്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പോയിട്ടുള്ള കൃഷ്ണന്‍റെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി കൃഷ്ണന്‍ പണം വാങ്ങിയതായും പൊലീസിന് വിവിരം ലഭിച്ചിട്ടുണ്ട്. റൈസ് പുള്ളര്‍ എന്ന മാന്ത്രിക തട്ടിപ്പിലും കൃഷ്ണന് പങ്കുണ്ടായിരുന്നതായി പൊലീസിന് സൂചനയുണ്ട്. ഷിബുവിന്‍റെ ഫോണ്‍ സംഭാഷണത്തിലെ കോടികളുടെ ഇടപാട് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

കൃഷ്ണന്‍റെ കുടുംബത്തില്‍ വന്‍ തുക അടുത്തുതന്നെ വന്നുചേരുമെന്ന് സുശീല പറഞ്ഞതായി സഹോദരി ഓമന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രവാദ ക്രിയാ ബന്ധമുള്ള ആളുകളുമായി കൃഷ്ണന്‍ അടുത്ത ബന്ധം പുലര്‍ത്തിയരുന്നു. കൂട്ടക്കൊല സംബന്ധിച്ച് ഷിബുവിന്‍റെ മൊഴിയില്‍ ചില നിര്‍ണായക വിവരങ്ങള്‍ ഉള്ളതായി പൊലീസ് കരുതുന്നു. കേസില്‍‌ വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Related Tags :
Similar Posts