
സൗദിയില്‍ വാടക കരാര്‍ പുതുക്കുന്ന നടപടി, ഇജാര്‍ വെബ്‌സൈറ്റില്‍ വിവരങ്ങളറിയാം
|ഓരോ വിദേശിയും എവിടെ ആരോടൊപ്പം താമസിക്കുന്നുവെന്ന വിവരം ശേഖരിക്കുകയാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഒപ്പം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ അനധികൃതമായി തുടരുന്നവരെ പുറത്താക്കലും.
സൗദിയില്‍ ഇജാര്‍ പദ്ധതിയിലേക്ക് വാടക കരാര്‍ പുതുക്കുന്നത് സംബന്ധിച്ച രീതി മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയം അംഗീകരിച്ച റിയല്‍ എസ്‌റ്റേറ്റ് ഓഫീസുകളുടെ വിവരങ്ങള്‍ ഈജാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സന്ദര്‍ശക വിസയിലുള്ളവരും നടപടി ഉടന്‍ പൂര്‍ത്തിയാക്കണം. രാജ്യത്തെ സുരക്ഷാ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.
ഓരോ വിദേശിയും എവിടെ ആരോടൊപ്പം താമസിക്കുന്നുവെന്ന വിവരം ശേഖരിക്കുകയാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഒപ്പം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ അനധികൃതമായി തുടരുന്നവരെ പുറത്താക്കലും. സൗദി പോസ്റ്റിന്റെ നാഷണല്‍ അഡ്രസ് വഴി രജിസ്റ്റര്‍ ചെയ്ത സ്വദേശികള്‍ക്ക് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം. ഏജന്റിന്റെ വിവരങ്ങളും കെട്ടിടത്തിന്റെയും ഭൂമിയുടെയും ഉടമയുടെയും രേഖകളും ഈജാറില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വാടകക്കരാര്‍ രജിസ്റ്റര്‍ ചെയ്യാനാവൂ.
സന്ദര്‍ശക വിസക്കാര്‍ പാസ്‌പോര്‍ട്ട് നമ്പറാണ് നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ വിവരം വാടകക്കാരന്റെയും ഉടമയുടെയും അബ്ശിര്‍ സിസ്റ്റം വഴി അംഗീകാരത്തിന് സമര്‍പ്പിക്കണം. അബ്ശിറില്‍ പാര്‍പ്പിട മന്ത്രാലയം ഐകണില്‍ ക്ലിക്ക് ചെയ്ത് വാടകകരാര്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഭാഗത്ത് നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അപ്രൂവലിന് സമര്‍പ്പിക്കേണ്ടത്. 48 മണിക്കൂറിനകം കരാര്‍ സ്വീകരിച്ചതായോ തള്ളിയതായോ ഉള്ള സന്ദേശം അതത് മൊബൈല്‍ നമ്പറുകളില്‍ ലഭിക്കും. വാടകക്കരാര്‍ നമ്പര്‍ സിസ്റ്റത്തില്‍ കാണുന്നില്ലെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്റിനെ സമീപിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണം.
സ്വകാര്യത മാനിച്ച് കെട്ടിടയുടമയുടെയും താമസക്കാരുടെയും വിവരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യില്ലെന്ന് റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധമാണ്.