
ലോകത്ത് ഏറ്റവുമധികം കോപ്പിയടിക്കപ്പെട്ട ആ ലോഗോ
|ചെറുകിട കച്ചവടക്കാർ മുതൽ കേരള സർക്കാർ വരെ കോപ്പിയടിച്ച ഒരു ലോഗോയുണ്ട്. അതിന്റെ മുന്നിൽ ഗ്രൂപ്പായും അല്ലാതെയുമൊക്കെ സെൽഫിയും ഫോട്ടോയുമൊക്കെ എടുത്തിട്ടുമുണ്ടാകും. ഐ ലവ് കൊച്ചി, ഐ ലവ് കൊല്ലം. എന്നൊക്കെ പലയിടത്തും ബോർഡുകൾ വെച്ചത് കണ്ടിട്ടില്ലേ? അതിന്റെ തുടക്കം എവിടുന്നാണ് വല്ല ഐഡിയയും ഉണ്ടോ?
'Where ever you go I will be there ഗാഥ ജാം' വന്ദനം സിനിമയിലെ ഈ ഡയലോഗ് ആരും തന്നെ മറക്കാൻ വഴിയുണ്ടാകില്ല. അതിൽ തന്റെ പരസ്യവാചകം കോപ്പിയടിച്ചു എന്നുപറഞ്ഞ് മോഹൻലാൽ നായികയുടെ പിറകെ നടക്കുന്നത് കണ്ട് ഒരുപാട് ചിരിച്ചവരാകും ഒട്ടുമിക്ക മലയാളികളും. പറഞ്ഞു വരുന്നത് സിനിമയെ പറ്റിയല്ല. ഒരു ലോഗോ കോപ്പിയടിയെ പറ്റിയാണ്. ലോഗോ മാത്രമല്ല, ഒരു പരസ്യ കാമ്പയിൻ മൊത്തമായി കോപ്പിയടികച്ചവരുടെ കൂട്ടത്തിൽ ചെറുകിട കച്ചവടക്കാർ മുതൽ കേരള സർക്കാർ വരെയുണ്ട്.

ഐ ലവ് കോഴിക്കോട്, ഐ ലവ് കൊച്ചി, ഐ ലവ് കൊല്ലം. എന്നൊക്കെ പലയിടത്തും ബോർഡുകൾ വെച്ചത് കണ്ടിട്ടില്ലേ? അതിന്റെ തുടക്കം എവിടുന്നാണ് വല്ല ഐഡിയയും ഉണ്ടോ? ഐ, ഒരു ചുവന്ന ഹാർട്ട് സിംബൽ, പിന്നെ സ്ഥലത്തിന്റെയോ. കടയുടെയോ ഒക്കെ പേര്. ഇതാകാം ഒരുപക്ഷെ ലോകത്ത് ഏറ്റവുമധികം കോപ്പിയടിക്കപ്പെട്ട ലോഗോ. 1970കളിൽ അമേരിക്കയിലെ ന്യൂയോർക്ക് നഗരം വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു. ക്രൈം റേറ്റുകൾ കൂടുകയും അടിസ്ഥാന വികസനം നിലയ്ക്കുകയും ചെയ്തു. അങ്ങനെ വരുമാനം കൊണ്ടുവന്നിരുന്ന ടൂറിസം മേഖലയാകെ തകർന്നു.

അതിൽനിന്ന് ന്യൂയോർക്കിനെ രക്ഷിക്കാൻ അന്നത്തെ ഭരണകർത്താക്കൾ കണ്ട വഴി, ടൂറിസം മേഖല മെച്ചപ്പെടുത്തുക എന്നതായിരുന്നു. അതിനു എന്തുവേണമെന്ന ആലോചനയിലാണ് നഗരത്തിന്റെ മൊത്തത്തിലുള്ള പ്രതിച്ഛായ മാറ്റണം എന്ന തീരുമാനത്തിലേക്കെത്തിയത്. അക്കാലത്തെ ഏറ്റവും പ്രശസ്തമായ Wells Rich Greene എന്ന പരസ്യ ഏജൻസിയെയായിരുന്നു ആ ദൗത്യം ഏല്പിച്ചത്.
അവരാണ് I LOVE NY എന്ന ടാഗ്‌ലൈൻ കോയിൻ ചെയ്യുന്നത്. അതിനൊരു ലോഗോ വേണമായിരുന്നു. ഡിസൈൻ ചെയ്യാൻ ഏജൻസി, ഗ്രാഫിക് ഡിസൈനറായ മിൽട്ടൺ ഗ്ലാസിയേറിനെയും കൊണ്ടുവന്നു. അദ്ദേഹമാണ് ഇന്നുകാണുന്ന രൂപത്തിലുള്ള ലോഗോ ഡിസൈൻ ചെയ്തത്.

മിൽട്ടൺ ഗ്ലാസിയർ
ടാക്സി യാത്രയ്ക്കിടെ ഒരു കഷ്ണം പേപ്പറിലാണ് മിൽട്ടൺ ഗ്ലേസിയർ ആദ്യമായി ഈ ലോഗോ വരയ്ക്കുന്നത്. ചുവന്ന ക്രയോൺ കൊണ്ട് പേപ്പറിൽ വരച്ച ആ ലോഗോയാണ്, മിൽട്ടൺ ഏജൻസിക്ക് കൈമാറുന്നതും. ന്യൂയോർക്കുകാരായ മിൽട്ടൺ ആ വർക്കിന് പ്രതിഫലമൊന്നും വാങ്ങിയതുമില്ല. അങ്ങനെ 1977ൽ ഇന്ന് കാണുന്ന I LOVE NY എന്ന ലോഗോ ആദ്യമായി പുറത്തിറങ്ങി.
വളരെ പെട്ടെന്നുതന്നെ ആ ലോഗോയും കാമ്പയിനും ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ടൂറിസം മേഖലയിൽ വലിയ കുതിപ്പായിരുന്നു ആ കാമ്പയിൻ കാരണം ഉണ്ടായത്. പിന്നീട് 2001ൽ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെയും ഈ ലോഗോ റീബ്രാൻഡ് ചെയ്യപ്പെട്ടിരുന്നു. “I ♥️ NY More Than Ever” എന്ന് പ്രിന്റ് ചെയ്ത ടി ഷർട്ടുകൾ അണിഞ്ഞ്‌കൊണ്ട് ആയിരക്കണക്കിന് പേരായിരുന്നു അന്ന് നഗരത്തിൽ തടിച്ചുകൂടിയത്.
പുതിയ ലോഗോയിൽ ഇരുണ്ട, കറുത്ത ഹൃദയമായിരുന്നു ഉണ്ടായിരുന്നത്.
1977ൽ പിറവിയെടുത്ത, മിൽട്ടൺ ഗ്ലേസിയർ ഒരുതുണ്ട് പേപ്പറിൽ കുറിച്ചിട്ട ആ ലോഗോ, ഇന്ന് ലോകമെമ്പാടും പലരൂപത്തിൽ കാണാം. വെള്ളനിറത്തിലുള്ള ടെക്സ്റ്റുകളും ചെറി റെഡ് നിറത്തിലുള്ള ഹാർട്ടും ന്യൂയോർക്കുകാരുടെ മാത്രമല്ല, ഇന്ന് എല്ലാവരുടെയും സ്വന്തമാണ്.