
'അഡ്വ.ബെയ്ലിൻ ദാസിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നത് അഭിഭാഷക സംഘം തടഞ്ഞു' ; മർദനമേറ്റ അഭിഭാഷക
|വക്കീലോഫീസിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞത് ബാർ അസോസിയേഷൻ സെക്രട്ടറിയെന്നും പരാതിക്കാരി
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഭിഭാഷകൻ ബെയിലിൻ ദാസിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നത് അഭിഭാഷക സംഘം തടഞ്ഞുവെന്ന് പരാതിക്കാരി ശ്യാമിലി. ബാർ അസോസിയേഷൻ സെക്രട്ടറി വള്ളക്കടവ് മുരളി ഉൾപ്പടെയുള്ള ആളുകളാണ് കോടതി വളപ്പിൽ വെച്ച് ബെയ്‌ലിൻ ദാസിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയത്. കോടതി വളപ്പിലെ ഓഫീസിൽ പൊലീസ് എത്തിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ ബാർ അസോസിയേഷൻ സെക്രട്ടറി അനുവദിച്ചില്ലെന്ന് പരാതിക്കാരി ആരോപിച്ചു.
അതേസമയം, പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ശ്യാമിലി പറഞ്ഞു. 'പൊലീസ് ഊർജ്ജിതമായിട്ടാണ് അന്വേഷിക്കുന്നത്. അവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അലംഭാവമുണ്ടായതായി കരുതുന്നില്ല' ശ്യാമിലി പറഞ്ഞു. 'മർദിക്കുന്ന സമയത്ത് ഓഫീസിൽ ആളുകളുണ്ടായിരുന്നു. അവർ എല്ലാവരും സാക്ഷികളാണ്. ബാർ അസോസിയേഷനിൽ പരാതി നൽകിയിട്ടുണ്ട്. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.' ശ്യാമിലി പറഞ്ഞു.
താൻ അടക്കമുള്ള മറ്റ് ജൂനിയർ അഭിഭാഷകരോട് ഇതേ രീതിയിൽ തന്നെയാണ് ബെയ്ലിൻ ദാസ് പെരുമാറുള്ളത്. മുമ്പും പല തവണ ഇയാൾ മോശമായി പെരുമാറിയിട്ടുണ്ടെന്നും കാരണം പറയാതെ പിരിച്ചുവിടുന്നതും ഇയാളുടെ രീതിയായിരുന്നുവെന്ന് ശ്യാമിലി പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒരുപാട് പേർ പിന്തുണയുമായി തനിക്കൊപ്പം ഉണ്ടെന്ന് ശ്യാമിലി പറഞ്ഞു. ബെയിലിൻ ദാസ് ഇനി വക്കീൽ കുപ്പായം ഇട്ട് കോടതിയിൽ വരാത്ത വിധം നടപടി ഉണ്ടാകണമെന്ന ആവശ്യവും ശ്യാമിലി മുന്നോട്ടുവച്ചു.
മുഖത്തേറ്റ പരിക്കിന് തിരുവനന്തപുരം ഡെന്റൽ കോളേജിൽ ചികിത്സ തേടിയ തന്റെ ആരോഗ്യ നില തൃപ്‌തികരണമാണെന്നും ശ്യാമിലി പറഞ്ഞു. 'അടികൊണ്ട് മുഖത്ത് മുഴുവൻ നീരാണ്. ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും നല്ല വേദനയുണ്ടെകിലും കുട്ടിക്ക് പാൽ കൊടുക്കുന്നത് കൊണ്ട് ഡോസ് കൂടിയ പെയിൻ കില്ലേഴ്സ് കഴിക്കാൻ പറ്റില്ല.' ശ്യാമിലി പറഞ്ഞു.
എന്നാൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച് ഒളിവിൽ പോയി 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതി ബെയിലിൻ ദാസിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. പൂന്തുറയിലെ വീട്ടിലും എത്തിയിട്ടില്ല.