< Back
Latest News
‘ഇത് വലിയൊരു അപമാനമാണ്’; ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ; മോദിക്കെതിരെ വിമർശനവുമായി ശിവസേന എംപി സഞ്ജയ് റൗട്ട്
Latest News

‘ഇത് വലിയൊരു അപമാനമാണ്’; ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ; മോദിക്കെതിരെ വിമർശനവുമായി ശിവസേന എംപി സഞ്ജയ് റൗട്ട്

Web Desk
|
11 May 2025 1:41 PM IST

ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മുംബൈ: ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം പ്രധാനന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എംപി സഞ്ജയ് റൗട്ട്. ‘ഇത് വലിയൊരു അപമാനമാണ്. ധൈര്യമുണ്ടെങ്കിൽ, പ്രധാനമന്ത്രി പങ്കെടുത്ത് ഇപ്പോൾ ഒരു സർവകക്ഷി യോഗം വിളിക്കൂ’റൗട്ട് എക്‌സിൽ കുറിച്ചു.

തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച റൗട്ട് ഓപ്പറേഷൻ സിന്ദൂർ പൂർത്തിയാകുന്നതുവരെ ട്രംപ് എന്ത് അധികാരത്തിലാണ് ഇടപെടുന്നതെന്ന് ചോദിച്ചു. ട്രംപിന്റെ വെടിനിർത്തൽ അംഗീകരിച്ച സർക്കാർ തീരുമാനത്തെയും റൗട്ട് വിമർശിച്ചു. 'ഏത് സാഹചര്യങ്ങളിലും വ്യവസ്ഥകളിലും വെടിനിർത്തൽ ഒപ്പുവച്ചു എന്ന് തീരുമാനിക്കാൻ ഒരു സർവകക്ഷി യോഗം നടത്തണമായിരുന്നു. പ്രധാനമന്ത്രി മോദി ഈ യോഗത്തിൽ പങ്കെടുക്കണം. പ്രധാനമന്ത്രി മോദിക്ക് ഇതിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല’. സഞ്ജയ് റൗട്ട് പറഞ്ഞു.

ഒരു പരമാധികാര രാഷ്ട്രത്തിന്റെ തീരുമാനങ്ങളിൽ ഇടപെടാൻ ട്രംപിന് എന്ത് അവകാശമാണുള്ളതെന്നും ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം സൈന്യത്തിന്റെ മനോവീര്യം നശിപ്പിക്കയും ചെയ്തുവെന്നും റൗട്ട് കുറ്റപ്പെടുത്തി. ഇന്ത്യ-പാക് വെടിനിർത്തലിൽ അമേരിക്കയുടെ ഇടപെടലിനെ വിമർശിച്ചു കൊണ്ട് നിരവധി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. ഷിംല കരാർ ഉപേക്ഷിച്ച് മോദി മൂന്നാം കക്ഷി മധ്യസ്ഥതക്ക് വാതിൽ തുറന്നോ എന്ന് കോൺഗ്രസ് ചോദിച്ചു.

യുഎസ് മധ്യസ്ഥതയിൽ സമാജ് വാദി പാർട്ടി, ഉദ്ധവ് ശിവസേന വിഭാഗം തുടങ്ങിയവരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പാർലമെന്റ് സമ്മേളനവും സർവകക്ഷി യോഗവും ഉടൻ വിളിക്കണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പങ്കെടുക്കുമെങ്കിൽ മാത്രമേ മറ്റു രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കേണ്ടതുള്ളൂ എന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം പ്രതികരിച്ചിരുന്നു.

അതേസമയം, വെടിനിർത്തലിന് ശേഷം കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇരു രാജ്യങ്ങളുമായി സഹകരിക്കാമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ പുതിയ പ്രസ്താവന 'ഞെട്ടിപ്പിക്കുന്നതും, വിചിത്രവും, വെറുപ്പുളവാക്കുന്നതുമാണ്'എന്ന് മുതിർന്ന ആർജെഡി എംപി മനോജ് കുമാർ ഝാ പറഞ്ഞു. മോദി സർക്കാർ ഇതിനെതിരെ ശക്തമായി പ്രതികരിക്കാത്തത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts