< Back
Lifestyle
ജീൻസ് കഴുകാതെ എത്രതവണ ഉപയോഗിക്കാം? കഴുകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
Lifestyle

ജീൻസ് കഴുകാതെ എത്രതവണ ഉപയോഗിക്കാം? കഴുകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

Web Desk
|
23 Oct 2023 8:06 PM IST

ഇഷ്ടപ്പെട്ട ജീൻസ് കേടുപാടുകളില്ലാതെ കാലാകാലം നിലനിർത്താനാകും. അതിന് ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ നന്നാകും.

യുവതലമുറയുടെ പ്രിയപ്പെട്ട വസ്ത്രമാണ് ജീന്‍സ്. കാഷ്വല്‍ ആയോ സെമി ഫോര്‍മല്‍ ആയോ ഉപയോഗിക്കാം എന്നത് തന്നെയാണ് ജീൻസിനെ ഇത്രയേറെ ജനപ്രിയമാക്കുന്നത്. നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിയാതെ തന്നെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഖേദകരമാണ്. എന്നാൽ, ഇഷ്ടപ്പെട്ട ജീൻസ് കേടുപാടുകളില്ലാതെ കാലാകാലം നിലനിർത്താനാകും. അതിന് ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ നന്നാകും.

ജീൻസ് വളരെ കട്ടിയുള്ള ഒരു വസ്ത്രമാണ്. ഒന്നിലധികം തവണ ഉപയോഗിച്ച ശേഷം മാത്രം ഇവ കഴുകിയാൽ മതിയാകും. അമിതമായി കഴുകുന്നത് ഇവയുടെ നിറം മങ്ങാൻ കാരണമാകും. എന്നാൽ നാലുമുതൽ ആറുതവണ വരെ ഉപയോഗിച്ച ശേഷം ജീൻസ് കഴുകണം. ഓരോ തവണ ഉപയോഗിച്ച ശേഷവും കറകൾ ഉള്ള ഭാഗം മാത്രം കഴുകി ഉണക്കിയും ഇവയുടെ പുതുമ നിലനിർത്താം. ഇനി ജീൻസ് കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.


ജീന്‍സ് അലക്കുമ്പോള്‍ കഴിവതും കൈകൊണ്ട് അലക്കുക. വളരെക്കാലം ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഇതുകൊണ്ട് സാധിക്കും. വാഷിങ് മെഷീനിലാണ് അലക്കുന്നതെങ്കില്‍ ജീന്‍സിന്റെ നൂലുപൊന്തിവരാനുള്ള സാധ്യത കൂടുതലാണ്. സോപ്പുപൊടി ജീന്‍സില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യതയുമുണ്ട്. ഇത് വളരെപെട്ടെന്ന് ജീൻസ് മുഷിയാൻ കാരണമാകും.

ജീന്‍സ് കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ പെട്ടെന്ന് കളര്‍ പോകുന്നുവെന്ന പരാതി ഒഴിവാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ജീന്‍സിന്റെ കളര്‍ നഷ്ടമാവില്ല, എന്ന് മാത്രമല്ല കാലങ്ങളോളം ഇതിന്റെ പുതുമ നിലനിൽക്കുകയും ചെയ്യും. ജീന്‍സ് കഴുകുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. ഇത് ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്. ചൂടുവെള്ളത്തില്‍ കഴുകുമ്പോള്‍ ജീന്‍സ് ചുളിയാനും കളര്‍ പോകാനും സാധ്യതയുണ്ട്.


ജീന്‍സ് അലക്കുമ്പോള്‍ പുറം തിരിച്ച് അലക്കുന്നതാണ് നല്ലത്. കാരണം പുറം തിരിക്കാതെയാണ് കഴുകുന്നതെങ്കില്‍ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമായി വേഗത്തിൽ ജീൻസ് നാശമാകും. പുറം തിരിച്ച് അലക്കുന്നതിലൂടെ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമാകുമെങ്കിലും ഇത് ജീൻസിനെ പരുക്കനാക്കി മാറ്റുന്നത് ഇല്ലാതാക്കും.


ജീൻസ് വേഗത്തില്‍ ഉണങ്ങിക്കിട്ടാനായി പലരും കനത്ത വെയിലിലാണ് ഉണക്കാനിടുന്നത്. എന്നാല്‍ ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ജീന്‍സ് അലക്കി, ഉണക്കാനിടുമ്പോള്‍ വെയില്‍ ഒഴിവാക്കി ഉണക്കാനിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിത വെയിലേല്‍ക്കുമ്പോള്‍ ജീന്‍സിന്റെ കളർ വേഗത്തിൽ മങ്ങും. ജീന്‍സ് ഉണക്കാന്‍ ഡ്രൈയര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് ജീന്‍സിന്റെ പുതുമ വേഗത്തില്‍ നശിപ്പിച്ചേക്കും. ജീന്‍ഡ് ഡ്രൈയറില്‍ ഉണക്കുന്നതിന് പകരം വെയില്‍ കുറഞ്ഞയിടത്ത് അയയിലിട്ട് ഉണക്കിയെടുക്കുന്നതായിരിക്കും ഗുണം ചെയ്യുക.

Similar Posts