
കോഴിക്കോടിന്റെ ഓണം ഹൈലൈറ്റാക്കി മീഡിയവൺ - ഹൈലൈറ്റ് ഒന്നിച്ചോണം; പരിപാടികൾ സമാപിച്ചു
|ഏഴുദിവസങ്ങളിലായി വിവിധ ആഘോഷപരിപാടികളും മത്സരങ്ങളും നടന്നു.
കോഴിക്കോട്: കൊതിയൂറും പായസ പാചക മത്സരം, കുട്ടികളുടെ ചിത്രരചനാമത്സരം, കേരളീയ കലാ രൂപങ്ങൾ, കാമ്പസ് ഓണം.. ആഘോഷവും ആവേശവും സമ്മാന കൊയ്ത്തുമായി നടന്ന മീഡിയവൺ - ഹൈലൈറ്റ് മാൾ ഒന്നിച്ചോണത്തിന് തിരശ്ശീല വീണു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ഓണം വാരാഘോഷ പരിപാടികളാണ് സമാപിച്ചത്. വടംവലി മത്സരത്തോടെയാണ് ഹൈലൈറ്റ് ഒന്നിച്ചോണത്തിന് തുടക്കമാകുന്നത്. തുടർന്ന് ഏഴുദിവസങ്ങളിലായി വിവിധ ആഘോഷപരിപാടികളും മത്സരങ്ങളും നടന്നു.
അവസാന ദിവസങ്ങളിൽ കോഴിക്കോടും മലപ്പുറത്തുമുള്ള കൊളേജുകൾ പങ്കെടുത്ത കാമ്പസ് ഫെസ്റ്റും കേരളീയ കലാരൂപങ്ങൾ അണിനിരന്ന കേരളീയവും സംഘടിപ്പിച്ചു.

സ്ട്രീറ്റ് അക്കാദമി, ആൽമരം ബാൻഡുകൾ നയിച്ച മ്യൂസിക് ലൈവ് കൺസേർട്ടുകൾ ആഘോഷങ്ങളുടെ പൊലിമ കൂട്ടി.
സെയ്ന്റ് ജോസഫ്സ് കൊളേജ് ദേവഗിരി, ഗവ. എൻജിനിയറിങ് കൊളേജ് കോഴിക്കോട്, യൂണിവേഴ്സിറ്റി സെന്റർ, എംഎഎംഒ കൊളേജ് മണാശ്ശേരി, എസ്എഎഫ്ഐ കൊളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഹൈലൈറ്റിനെ ഉത്സവാന്തരീക്ഷത്തിലാക്കി.
മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, നാടൻപാട്ട്, മാപ്പിളപ്പാട്ടു തുടങ്ങി കേരളീയ തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ കേരളീയത്തിന്റെ ഭാഗമായി അണിനിരന്നു. നൂറുകണക്കിന് ആളുകളാണ് പരിപാടികൾ കാണാനായി ഓരോ ദിവസവും എത്തിച്ചേർന്നത്.

ബാൻഡുകൾക്കും ഹൈലൈറ്റ് മാളിനും മീഡിയവണിന്റെ നേതൃത്വത്തിൽ പുരസ്കാരം വിതരണം ചെയ്തു.
ഓണം വരച്ച് കളറാക്കി പിള്ളേര്
കോഴിക്കോട്: ഓണത്തിന്റെ വർണപ്പൊലിമ ക്യാൻവാസിൽ നിറച്ച് മീഡിയവൺ -ഹൈലൈറ്റ് മാൾ ഒന്നിച്ചോണത്തിലെ ചിത്രരചനാ മത്സരം. ജൂനിയർ, സബ് ജൂനിയർ ലെവലിൽ നടന്ന മത്സരം കുട്ടികളും കളറാക്കി. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ യഥാസ്ഥാനം കണ്ണൂർ സ്വദേശികളായ കിഷൻ ദേവും വൈദേഹി ബിനേഷും ഒന്നാം സ്ഥാനം നേടി.

ജൂനിയർ വിഭാഗത്തിൽ കണ്ണൂർ സ്വദേശി വേദ് തീർഥ് ബിനേഷ് രണ്ടാം സ്ഥാനത്തും കോഴിക്കോട് സ്വദേശി പാർഥവി ആർ മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ കണ്ണൂർ സ്വദേശി അദവ്യ ശ്രീജിത്ത് പി രണ്ടാം സ്ഥാനത്തും മലപ്പുറം സ്വദേശി അൻസിയ എംസി മൂന്നാം സ്ഥാനത്തും എത്തി.

വിജയികൾക്ക് മീഡിയവണും ഹൈലൈറ്റും നൽകുന്ന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.