< Back
Analysis
വിനായകന്റെ നീതിയ്ക്കുവേണ്ടിയുള്ള ജനകീയ സമര സമിതിയും ദലിത് സമുദായ മുന്നണിയും.
Analysis

വിനായകന്‍ കേസില്‍ തുടരന്വേഷണം; പൊലീസിന് തിരിച്ചടി

ഷെല്‍ഫ് ഡെസ്‌ക്
|
24 Jan 2024 6:19 PM IST

വിനായകന്‍ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രേരണാക്കുറ്റം അന്വേഷിക്കപ്പെടേണ്ടതുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് വിനായകന്‍ കേസില്‍ തുടരന്വേണത്തിന് ബഹു. എസ്.സി./എസ്.ടി. അതിക്രമം തടയല്‍ പ്രത്യേക കോടതി 2024 ജനുവരി 20 ന് ഉത്തരവിട്ടിരിക്കുന്നത്.

വിനായകന്‍ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നു. എസ്.സി./എസ്.ടി. അതിക്രമം തടയല്‍ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന സാജന്റെയും ശ്രീജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് 2017 ജൂലൈ 18-നാണ് ദലിത് യുവാവ് വിനായകന്‍ വീട്ടില്‍ ആത്മഹത്യ ചെയ്യുന്നത്. വിനായകന്‍ തന്റെ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം പാവറട്ടി മധുക്കരയില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ അതുവഴിവന്ന പൊലീസ് പിടികൂടുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അതിന് തൊട്ടുമുന്‍പ് അവിടെയൊരു മാലമോഷണം നടന്നിരുന്നു. മോഷ്ടിച്ചത് വിനായകന്‍ ആണെന്ന് ആരോപിച്ചാണ് പൊലീസുകാര്‍ പിടികൂടുന്നതും അതിക്രൂരമായി മര്‍ദ്ദിക്കുന്നതും. വിനായകന്റെ കറുപ്പ് നിറവും നീട്ടിവളര്‍ത്തിയ മുടിയും മാത്രമായിരുന്നു ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറാന്‍ പൊലീസുകാരെ പ്രേരിപ്പിച്ചത്. 18 വയസ് മാത്രം വരുന്ന വിനായകന് ഇതിന്റെ സമ്മര്‍ദ്ദവും മാനസികവിഷമവും താങ്ങാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്തത്.

ദലിത് യുവാവായ വിനായകനെതിരെയുള്ള മര്‍ദ്ദനവും ആക്ഷേപങ്ങളും പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെങ്കിലും പ്രതികളെ രക്ഷിക്കാന്‍ നിയമത്തിലെ ഏറ്റവും ദുര്‍ബല വകുപ്പുകളാണ് കുറ്റപത്രത്തില്‍ പൊലീസ് ചുമത്തിയത്. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് നീതിപൂര്‍വ്വം അന്വേഷണം നടത്താതിരിക്കുകയും ദൃക്സാക്ഷി മൊഴിയുണ്ടായിട്ടും പൊലീസിന്റെ ക്രൂരമായ ഈ ചെയ്തികള്‍ അന്വേഷിക്കാതിരിക്കുകയും ചെയ്തു.

അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുന്നതിനും പ്രതികളായ പൊലീസുകാരെ രക്ഷിക്കുന്നതിനുമാണ് ശ്രമിച്ചത്. പ്രതികളായ പൊലീസുകാരെ ശിക്ഷിക്കുന്നതിന് ഉള്‍പ്പെടുത്തേണ്ട ആത്മഹത്യ പ്രേരണാക്കുറ്റം വകുപ്പ് 306 കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പ്രതികളെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ആസൂത്രിത നീക്കമായിരുന്നു ഇത്. വിനായകന്‍ മുടിവളര്‍ത്തിയതിന്റെ പേരിലും നിറത്തിന്റെ പേരിലും ആക്ഷേപിക്കപ്പെടുകയും അച്ഛന്‍ സി.കെ കൃഷ്ണനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിനായകന്റെ മുടി മുറിക്കണമെന്ന് ശകാരിക്കുകയും അച്ഛനോട് മകനെ പരസ്യമായി തല്ലാന്‍ പൊലീസ് പ്രേരിപ്പിക്കുകയും ചെയ്തു. ദലിത് യുവാവായ വിനായകനെതിരെയുള്ള ഈ മര്‍ദ്ദനവും ആക്ഷേപങ്ങളും പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെങ്കിലും പ്രതികളെ രക്ഷിക്കാന്‍ നിയമത്തിലെ ഏറ്റവും ദുര്‍ബല വകുപ്പുകളാണ് കുറ്റപത്രത്തില്‍ പൊലീസ് ചുമത്തിയത്. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് നീതിപൂര്‍വ്വം അന്വേഷണം നടത്താതിരിക്കുകയും ദൃക്സാക്ഷി മൊഴിയുണ്ടായിട്ടും പൊലീസിന്റെ ക്രൂരമായ ഈ ചെയ്തികള്‍ അന്വേഷിക്കാതിരിക്കുകയും ചെയ്തു.


കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ബോധ്യപ്പെട്ട ഘട്ടത്തിലാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന് വിനായകന്റെ അച്ഛന്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കുന്നത്. എന്നാല്‍, ഇതിനു മറുപടി നല്‍കിയതാകട്ടെ ആരുടെ പേരിലാണോ അവിശ്വാസം ഉന്നയിച്ചത് അതേ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെയാണ് കേസ് നീതിപൂര്‍വമായാണ് അന്വേഷിച്ചത് എന്ന് പറഞ്ഞു റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാരും പൊലീസും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരിപൂര്‍ണ്ണമായും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബഹു. കേരള ഹൈക്കോടതിയില്‍ ആത്മഹത്യ പ്രേരണകുറ്റം, എസ്.സി./എസ്.ടി. അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തി കേസ് തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിനായകന്റെ അച്ഛന്‍ സി.കെ. കൃഷ്ണനും ദലിത് സമുദായ മുന്നണിയും (DSM) ഹര്‍ജി നല്‍കുന്നത്. കേസ് പരിഗണിച്ച ബഹു. ഹൈക്കോടതി വിനായകന്‍ കേസിലെ മുഴുവന്‍ നടപടികളും ഒരുമാസം നിര്‍ത്തിവെക്കാനും വിചാരണ കോടതിയായ തൃശൂര്‍ എസ്.സി./എസ്.ടി. അതിക്രമം തടയല്‍ പ്രത്യേക കോടതിയെ സമീപിക്കാന്‍ ഉത്തരവിടുന്നതും. തുടര്‍ന്ന് വിനായകന്റെ അച്ഛന്‍ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി വിശദമായി വാദം കേള്‍ക്കുകയും ചെയ്തു. വിനായകന്‍ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രേരണാക്കുറ്റം അന്വേഷിക്കപ്പെടേണ്ടതുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് വിനായകന്‍ കേസില്‍ തുടരന്വേണത്തിന് ബഹു. എസ്.സി./എസ്.ടി. അതിക്രമം തടയല്‍ പ്രത്യേക കോടതി 2024 ജനുവരി 20 ന് ഉത്തരവിട്ടിരിക്കുന്നത്.

വിനായകന്‍ കേസില്‍ നീതിപൂര്‍വ്വം അന്വേഷണം നടന്നില്ലെന്നും ആത്മഹത്യ പ്രേരണകുറ്റം ഉള്‍പ്പെടയുള്ളത് പൊലീസ് അന്വേഷിച്ചില്ലെന്നും കോടതി അര്‍ധശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്ത്യമാക്കുകയും വിനായകന്റെ അച്ഛന് ന്യായമായ അന്വേഷണത്തിനും നീതിയുക്തമായ വിചാരണയ്ക്കും എല്ലാ അവകാശങ്ങളുമുണ്ടെന്ന് കോടതി വിധിന്യായത്തില്‍ പ്രസ്താവിക്കുന്നുണ്ട്. വിനായകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ കോടതി വിധി. കേസ് മുന്നോട്ട് നീതിപൂര്‍വ്വം കൊണ്ടുപോകുന്നതിനും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടും അഭിഭാഷകരുടെ ഒരു കൗണ്‍സില്‍ രൂപീകരിക്കുകയും വിനായകന്‍ കേസില്‍ ഉണ്ടായിട്ടുള്ള അട്ടിമറികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഫെബ്രുവരി 11 ന് തൃശൂരില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്താന്‍ ഒരുങ്ങുകയാണ് വിനായകന്റെ നീതിയ്ക്കുവേണ്ടിയുള്ള ജനകീയ സമര സമിതിയും ദലിത് സമുദായ മുന്നണിയും.



Related Tags :
Similar Posts