< Back
Analysis
അദാനിയുടെ തകര്‍ച്ച; മോദി സര്‍ക്കാരിന് കയ്യൊഴിയല്‍ സാധ്യമാണോ?
Analysis

അദാനിയുടെ തകര്‍ച്ച; മോദി സര്‍ക്കാരിന് കയ്യൊഴിയല്‍ സാധ്യമാണോ?

ഡോ. പി.ജെ ജയിംസ്
|
30 Jan 2023 12:23 AM IST

അദാനിയുടെ ഊതിപ്പെരുപ്പിച്ച ഓഹരികളില്‍ 77,000 കോടിയുടെയും നിക്ഷേപകരായ എല്‍.ഐ.സിക്ക് രണ്ടു ദിവസങ്ങള്‍ക്കൊണ്ടു തന്നെ അതില്‍ 23,500 കോടിയും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ അദാനി സാമ്രാജ്യത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോദി സര്‍ക്കാരിന് ഒരു കയ്യൊഴിയല്‍ സാധ്യമാണോ?

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഏകദേശം നാലു ലക്ഷം കോടി ( 50 ബില്ല്യണ്‍ ഡോളര്‍) രൂപയിലധികമാണ് അദാനി ഗ്രൂപ്പിന് ജനുവരി 24 മുതല്‍ ഈ നിമിഷം വരെ നഷ്ടമായിരിക്കുന്നത്. ഇത് ഗ്രൂപ്പിന്റെ വിപണി മൂല്യത്തിന്റെ (മൊത്തം വിപണി മൂലധനം) ഏകദേശം 20 ശതമാനമാണ്. തികച്ചും വിശ്വസനീയവും അഗാധ ഗവേഷണസ്വഭാവം ഉള്‍ക്കൊള്ളുന്നതുമായ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ചങ്ങാത്ത മുതലാളി (Crony Capitalist) യുടെ പതിറ്റാണ്ടുകള്‍ നീണ്ട സ്റ്റോക്ക് എക്‌സചേഞ്ച് കൃത്രിമങ്ങളും അക്കൗണ്ട് തട്ടിപ്പുകളും പ്രതിപാദിക്കുന്നു. അദാനി വ്യാപാര ശൃംഖലയില്‍, ഓഹരി വില 'സ്റ്റോക്ക് മൂല്യത്തിന്റെ' 85 ശതമാനത്തിലധികം കുതിച്ചുയര്‍ന്ന നിലയില്‍ കണ്ടെത്തിയ തെരഞ്ഞെടുക്കപ്പെട്ട ഏഴു കമ്പനികളും, അവ ഭാഗവാക്കായ ഓഹരിയിലെ കൃത്രിമങ്ങളും, നിയന്ത്രണാതീതമായ വായ്പ നിലകളുമാണ് ഹിഡന്‍ബര്‍ഗ് ഉന്നത മൂല്യനിര്‍ണയങ്ങളുടെയും വിലയിരുത്തലുകളുടെയും കേന്ദ്രബിന്ദുവാക്കിയിരിക്കുന്നത്.

എന്നിരുന്നാലും അദാനിയില്‍ ആരോപിതമായ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ബാങ്ക് വെളിപ്പെടുത്തലുകളാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗൗരവമേറിയ വിഷയം. 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അദാനിയുടെ രണ്ടു ലക്ഷം കോടിയിലധികം വരുന്ന കടത്തിന്റെ 40 ശതമാനവും എല്‍.ഐ.സി, എസ്.ബി.ഐ മുതലായ ഇന്ത്യന്‍ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളവയാണെന്ന് ഹോങ്കോങ്ങ് ആസ്ഥാന നിക്ഷേപ ഗ്രൂപ്പായ സി.എല്‍.എസ്.എ (ക്രെഡിറ്റ് ലയോണൈസ് സെക്ക്യൂരിറ്റീസ് ഏഷ്യ) പറയുന്നു. അദാനിയുടെ ഊതിപ്പെരുപ്പിച്ച ഓഹരികളില്‍ 77,000 കോടിയുടെയും നിക്ഷേപകരായ എല്‍.ഐ.സിക്ക് രണ്ടു ദിവസങ്ങള്‍ക്കൊണ്ടു തന്നെ അതില്‍ 23,500 കോടിയും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്വകാര്യ ബാങ്കുകള്‍ നല്‍കുന്നതിലും ഇരട്ടി തുകയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ബാങ്കുകള്‍ ഇതിനോടകം വായ്പയായി നല്‍കിയിരിക്കുന്നത്. ഇതില്‍ പകുതിയും അദാനിക്ക് ഇന്ത്യന്‍ ഭരണ വ്യവസ്ഥയോടുള്ള അഭേദ്യമായ ചങ്ങാത്തം പരിഗണിച്ച് എസ്.ബി.ഐ തനിച്ച് നല്‍കിയ വായ്പകളാണ്. ദശലക്ഷകണക്കിനു ഇന്ത്യന്‍ പൗരന്മാരുടെ കഠിനാധ്വാനവും സമ്പാദ്യവും അപകടത്തിലാണെന്നു ചുരുക്കം.


അഴിമതി വിരുദ്ധത അടിസ്ഥാന തത്വമായി പറഞ്ഞ് അധികാരത്തിലേറിയ മോദി വാഴ്ചയുടെ - കോര്‍പറേറ്റ്, കാവി ഭരണത്തിന്റെ - ചുവടുപറ്റിയ അദാനി, ചങ്ങാത്ത മുതലാളിത്തത്തിന്റെ സംക്ഷിപ്തരൂപമായി സ്വയം രൂപാന്തരപ്പെടുകയാണുണ്ടായത്. അതുവഴി ആഗോള-കോര്‍പ്പറേറ്റ് ചരിത്രത്തിന് ഇനിയും അജ്ഞാതമായ തലങ്ങളിലേക്ക് തന്റെ സമ്പത്ത് സമൃദ്ധിയെ കുതിച്ചുയര്‍ത്തുകയും ചെയ്തു. ഇന്ത്യന്‍ ജനത നേരിട്ട എക്കാലത്തെയും വലിയ കോര്‍പ്പറേറ്റ് കടന്നാക്രമണമായിരുന്നു കള്ളപ്പണത്തിനെതിരായി മോദി നടത്തിയ പ്രഭാഷണഫലമായി അവതരിപ്പിക്കപ്പെട്ട നോട്ടുനിരോധനം എന്ന ഏകപക്ഷീയവും വസ്തുനിഷ്ടരഹിതവുമായ പ്രക്രിയ. ഇത് പൊതുസ്വത്തും ബാങ്കുപണവും ഒരേപോലെ ശിക്ഷാഭീതിയേതുമില്ലാതെ കൊള്ളയടിക്കാന്‍ അദാനിക്ക് അനിയന്ത്രിതമായ വഴികള്‍ തുറന്നുനല്‍കി. ഇവയുടെ വിശദാംശങ്ങള്‍ ഇതിനോടകം തന്നെ പൊതുജനത്തിനു ലഭ്യമാണ്. സമ്പന്നരായ ഇന്ത്യക്കാര്‍ വിദേശത്ത് ശേഖരിച്ചുവച്ചിരിക്കുന്ന ഭീമമായ നിക്ഷേപങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുകയും അവ തിരിച്ചെത്തിക്കുകയും ചെയ്യും എന്നായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പിനു മുന്‍പുള്ള അലങ്കാരപ്രഭാഷണങ്ങള്‍. എന്നാല്‍, തന്റെ വിദേശ നിക്ഷേപങ്ങളും അതുവഴി ലഭ്യമായ നികുതികളും സുരക്ഷിതമായി കൊണ്ടുപോകാന്‍ അദാനിക്കു സാധിച്ചു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന രണ്ടാം പാദം വരെയുള്ള അദാനി ഗ്രൂപ്പിന്റെ മൊത്ത ലാഭം ഇരട്ടി (900 കോടി) യായും, മൊത്ത വരുമാനം മൂന്നിരട്ടി (79,500 കോടി) യായും വര്‍ധിച്ചിട്ടുണ്ട്.

നീര്‍ക്കുമിളക്കു തുല്ല്യമായ അദാനി വസ്തുവകകളുടെ രാഷ്ട്രീയ ഉള്ളടക്കം, ധനകാര്യ ഊഹകച്ചവടം, ഓഹരി വില്‍പ്പന, പൊതു വിഭവത്തിന്റെയും ബാങ്ക് സമ്പത്തിന്റെയും കൊള്ളയടിക്കല്‍ എന്നിവയില്‍ നിക്ഷിപ്തമാണ്. അതിന്റെ അടിസ്ഥാനമാകട്ടെ അയാള്‍ ഭരണകൂടാധികാരങ്ങളോട് ഈ നൂറ്റാണ്ടിന്റെ രണ്ടു ദശകങ്ങളിലേറെയായി വച്ചു പുലര്‍ത്തുന്ന അടുത്ത സാമീപ്യവുമാണ്. 2001 ലെ കണക്കുകള്‍ പ്രകാരം അദാനിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരിലും 500 മടങ്ങ് ആസ്ഥിയുമായി ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ കോര്‍പ്പറേറ്റ് ശക്തിയായ് നിലനിന്നിരുന്നത് അംബാനിയായിരുന്നു. അതിനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റായും ലോകത്തിലെ ഏറ്റവും ധനികരായ മഹാകോടീശ്വരില്‍ മൂന്നാമനായുമുള്ള അദാനിയുടെ രൂപാന്തരീകരണത്തെ അയാള്‍ക്ക് മോദിയുമായി കണ്ടെത്താവുന്ന താദാത്മ്യത്തില്‍ നിന്നും വേര്‍പെടുത്താനാകാത്തതാണ്. 1980 കാലഘട്ടത്തില്‍ കോളജ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ചരക്ക് വ്യവസായം തൊഴിലായി സ്വയം സ്വീകരിച്ച അദാനിയെ തൊണ്ണൂറുകളിലെ ഉദാരവത്കരണവും ആഗോളവത്കരണവും 1995 ല്‍ മധുര തുറമുഖം സ്ഥാപിക്കാന്‍ പ്രാപ്തമാക്കി. 70 മില്ല്യണ്‍ ഡോളറായിരുന്നു 2002ല്‍ അദാനിയുടെ പ്രധാന ഹോള്‍ഡിങ് കമ്പനിയുടെ മൊത്തം മൂല്യമെങ്കില്‍, വെറും ഒരു ദശാബ്ദത്തിനുള്ളില്‍ അത് മുന്നൂറു മടങ്ങായ് കുതിച്ചുയര്‍ന്നു; ഏകദേശം 20,000 മില്ല്യണ്‍ ഡോളര്‍! ഇത് കോര്‍പ്പറേറ്റുകളുടെ ചരിത്രത്തില്‍ തന്നെ തികച്ചും അഭൂതപൂര്‍വമാണെന്നാണ് ഫോബ്‌സ് പറയുന്നത്.


2014 ല്‍ പ്രധാനമന്ത്രിയാകുന്നതുവരെ, അദാനിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റ് വിമാനത്തില്‍ മോദി യാത്ര ചെയ്യുന്നത് ഒരു പതിവുകാഴ്ചയായിരുന്നു. എന്നു മാത്രമല്ല, മോദിയുടെ പ്രധാനമന്ത്രി കാലയളവില്‍ മറ്റേതൊരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് മഹാകോടീശ്വരനെക്കാളും കൂടുതല്‍ തവണ അദാനി അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരിക്കുന്നു. അമേരിക്ക മുതല്‍ ഓസ്‌ട്രേലിയ വരെ, ന്യൂയോര്‍ക്ക് മുതല്‍ കാന്‍ബെറ വരെ; എന്നു തുടങ്ങി ഭൂഗോളത്തിലുടനീളം എല്ലാ വന്‍കരകളിലേയ്ക്കും അവര്‍ ഒരുമിച്ചു പറക്കുന്നത് കാണാം. ഓരോ യാത്രയിലും അദാനിയുടെ സമ്പത്തും പലകുറി വിപുലീകരിക്കപ്പെട്ടു. ശേഷിച്ച വസ്തുതകള്‍ എല്ലാവര്‍ക്കും പരിചിതമാണ്. അത്, ഇന്ത്യയിലെ സര്‍വപ്രധാനിയായും ലോകത്തിലെ ശതകോടീശ്വരില്‍ മൂന്നാം സ്ഥാനക്കാരനായും അദാനിയെന്ന ചങ്ങാത്ത മുതലാളി ക്ഷണികനേരംകൊണ്ടുയര്‍ന്നു വന്നതിന്റെ അനന്തരഫലങ്ങളാണ്. അവ ഇന്ത്യയുടെ അത്യധികം പരിതാപകരമായ അവസ്ഥയിലുള്ള സാമ്പത്തിക അസമത്വത്തിന്റെയും, 'ആഗോള ദാരിദ്ര്യത്തിന്റെ രാജധാനിയായ്' ഫാസിസ്റ്റ് കോര്‍പ്പറേറ്റ്-കാവി ഭരണത്തിന്റെ കീഴില്‍ രാജ്യത്തെ പരിവര്‍ത്തനപ്പെടുത്തിയതിന്റെയും ഭയാനകമായ തലങ്ങളാണ്.

അതേസമയം ഇന്നിന്റെ മുതലാളിത്ത വ്യവസ്ഥിതിതിയുടെ ഗതി നിയമങ്ങള്‍ പ്രകാരം അദാനി സാമ്രാജ്യം കൂപ്പുകുത്തുന്നതില്‍ അനിഷ്ടകരമായി ഒന്നും തന്നെയില്ല. നവലിബറലിസത്തിനു കീഴില്‍ അദാനി പടുത്തുയര്‍ത്തിയ 'സാങ്കല്‍പിക' സാമ്പത്തിക സാമ്രാജ്യത്തിന് ഉല്പാദനപ്രക്രിയയില്‍ യഥാര്‍ഥത്തില്‍ യാതൊരു ഭൗതിക അടിത്തറയുമില്ല. അദാനി സ്വരൂപിച്ച സാമ്പത്തിക മൂലധനത്തിന്റെ അഥവാ, ഊഹക്കച്ചവട ആസ്തിയുടെ വിപണി മൂല്യം, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന ലാഭം നേടിയെടുക്കാന്‍ കൃത്രിമമായി വര്‍ധിപ്പിച്ചതും, സംഭരണവും ആവശ്യവും കൗശലത്തില്‍ തരപ്പെടുത്തിയതുമാണ്. ആസ്തിയുടെ അത്തരം ഊതിപ്പെരുപ്പിച്ച മൂല്യങ്ങള്‍ ബലൂണുകള്‍ എന്ന പോലെ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയും. ഒരു ചെറു അസ്വാസ്ഥ്യത്തിനു പോലും ഒരു സ്‌ഫോടനധ്വനിയുടെ പ്രഭവമുണ്ടാകും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ അദാനി ഓഹരികളുടെ പൊടുന്നനെയുള്ള ഇടിവിനെ ഇന്നത്തെ കോര്‍പ്പറേറ്റ് സമാഹരണത്തില്‍ ഇത്തരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന യുക്തിയില്‍ നിന്ന് വേണം കാണാന്‍. മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പോലെ, നൂതനനിര്‍മിത സാമ്പത്തിക- ഓഹരി വിപണി ഉപകരണങ്ങള്‍, അനിയന്ത്രിതമായി അനുവദിച്ചുകൊടുക്കപ്പെട്ട കോര്‍പ്പറേറ്റ് മൂലധനം, ഒപ്പം ആഭ്യന്തരവ്യാപാരത്തിന്റെ സാധ്യതകള്‍ എന്നിവ സാഹചര്യങ്ങളെ നിലവിലത്തെ കോര്‍പ്‌റേറ്റ്-കാവി-നിയോഫാസിസ്റ്റ്- ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് പോലും അതീതമാക്കിയിരിക്കുന്നു.

ഭൂമി, പ്രകൃതി, സ്വാഭാവിക-ധാതു വിഭവങ്ങള്‍, ഫാക്ടറികള്‍, ഓഹരികള്‍ എന്നിവയുള്‍പ്പടുന്ന അമൂല്യ ദേശീയ ആസ്തികള്‍ തുച്ഛമായ് വിലയ്‌ക്കെടുക്കാന്‍ മോദി ഭരണകൂടത്തിന്റെ തീവ്രവലതുപക്ഷ നവലിബറല്‍ നയങ്ങളായ ഉദാര നികുതി, തൊഴില്‍, പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ എന്നിവ സഹായിക്കുകയും, തന്റെ സാമ്പത്തിക സാമ്രാജ്യത്തെ അതുവഴി എളുപ്പത്തില്‍ ശക്തിപ്പെടുത്താന്‍, പ്രധാനമായും ഊഹകച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു നിന്നു തന്നെ, അദാനിക്ക് കഴിയുകയും ചെയ്തു. ആയിരക്കണക്കിന് കോടി രൂപയുടെ ബാങ്ക് ധനം തന്റെ അഭിവൃദ്ധിപ്രാപിച്ചു കൊണ്ടിരിക്കുന്ന വാണിജ്യ സാമ്രാജ്യത്തിലേക്ക് വിപുലമായി കൈമാറ്റം ചെയ്യുന്നതിന് അധികാരവുമായുള്ള അയാളുടെ അവിശുദ്ധ ബന്ധം നിഷ്പ്രയാസം വഴിയൊരുക്കി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, പൊടുന്നനെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ അന്തര്‍ലീനമായ യുക്തിയ്ക്കനുപാതമായി അദാനിയുടെ ആസ്തികള്‍ ഓഹരി വിപണിയില്‍ വിഷലിപ്തമാവുകയും വിപുലമായ വില്‍പ്പന നടക്കുകയും ചെയ്യുന്നു.

തന്റെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയെയാണ് അദാനി അഭിമുഖീകരിക്കുന്നത്. അദാനി ഇതിനകം സൂചിപ്പിച്ചതുപോലെ, തന്റെ പണമിടപാടുകള്‍ക്കും വ്യവസായങ്ങള്‍ക്കുമായി ഉപയോഗിച്ച ഇന്ത്യന്‍ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും ആസ്തികള്‍ പരമാവധി വിപണി പ്രദര്‍ശനത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു. അതിനാല്‍, ഉപഭോക്താക്കളുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അതേസമയം, മുഴുവന്‍ ഭാരവും നികുതിദായകരുടെയും, നിക്ഷേപകരുടെയും, സാധാരണക്കാരുടെയും ചുമലിലേക്ക് മാറ്റി അദാനിയെ രക്ഷപ്പെടുത്താന്‍ മോദി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാവാന്‍ സാധ്യതയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ സര്‍വധാ ജാഗ്രത പുലര്‍ത്തണം. സര്‍വ്വോപരി, ഇത്രയും അപകീര്‍ത്തികരമായ സംഭവവികാസങ്ങളിലേയ്ക്ക് നയിച്ച സാഹചര്യങ്ങളില്‍ നിന്നും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മോദി ഭരണകൂടത്തിന് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. അതിനാല്‍ ശരിയായ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഈ സംഭവങ്ങളുടെ അവസ്ഥയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

Similar Posts