< Back
Analysis
ഫലസ്തീനുവേണ്ടി പാടേണ്ടെന്ന് ബി.ബി.സി.; എങ്കിൽ ഇസ്രയേലിനെതിരെ പാടാമെന്ന് റാപ്പ് ബാൻഡ്
Analysis

ഫലസ്തീനുവേണ്ടി പാടേണ്ടെന്ന് ബി.ബി.സി.; എങ്കിൽ ഇസ്രയേലിനെതിരെ പാടാമെന്ന് റാപ്പ് ബാൻഡ്

യാസീന്‍ അശ്‌റഫ്
|
7 July 2025 1:03 PM IST

മാധ്യമങ്ങൾക്ക് – പത്രങ്ങൾക്കും വാർത്താചാനലുകൾക്കും – സാധിക്കാത്തത്, അല്ലെങ്കിൽ അവർ ചെയ്യാൻ മടിക്കുന്നത്, സമൂഹമാധ്യമങ്ങൾക്ക് സാധിക്കും. ഇതിന്‍റെ രണ്ട് വൈറൽ ഉദാഹരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. ഒന്ന്, ബ്രിട്ടനിൽ, മറ്റേത് കേരളത്തിൽ

ഫലസ്തീനുവേണ്ടി പാടേണ്ടെന്ന് ബി.ബി.സി.; എങ്കിൽ ഇസ്രയേലിനെതിരെ പാടാമെന്ന് റാപ്പ് ബാൻഡ്

ഒരുവശത്ത് ഭരണകൂടങ്ങൾ, അധികാര കേന്ദ്രങ്ങൾ, മുഖ്യധാരാ മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ; എതിർവശത്ത് പൊതുജനങ്ങൾ, ആക്ടിവിസ്റ്റുകൾ, കലാകാരന്മാർ: ഈ രണ്ടു കൂട്ടർ തമ്മിൽ ഏറ്റുമുട്ടിയാൽ ആര് ജയിക്കും? ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റൻ ബറിയിൽ നടന്നത് അത്തരമൊരു ഏറ്റുമുട്ടലാണ്. ഗായകസംഘങ്ങളുടെ റാപ്പും ഹിപ്ഹോപ്പും. ബിബിസിയുടെ തത്സമയ സംപ്രേഷണം.

അതിൽ ഫലസ്തീൻ അനുകൂല സംഘത്തെ ബിബിസി മനപ്പൂർവം ഒഴിവാക്കി. പകരം മറ്റൊരു സംഘത്തിന്‍റെ പാട്ട് തത്സമയം സംപ്രേഷണം ചെയ്തു. ഇതിൽപ്പരം ഒരു അമളി പറ്റാനില്ല. ബിബിസിയുടെ ഇസ്രായേൽ ദാസ്യത്തിന് കിട്ടിയ തത്സമയ സമ്മാനം. ഫ്രീ ഫ്രീ പാലസ്റ്റൈൻ എന്ന് ജനങ്ങളെക്കൊണ്ട് ഏറ്റുവിളിപ്പിച്ചിട്ടും നിർത്താതെ, ഇസ്രായേൽ സേന നശിക്കട്ടെ – ഡെത്ത് ടു ദ ഐഡിഎഫ് – എന്നു വിളിച്ചു പറഞ്ഞ, ജനങ്ങളെക്കൊണ്ട് ഏറ്റുവിളിപ്പിച്ച, ഗായകസംഘം ബിബിസിക്ക് കാണിച്ചുകൊടുത്തത്, സയണിസ്റ്റ് ദാസ്യത്തിനപ്പുറം വലിയൊരു ലോകമുണ്ടെന്നും അത് ഫലസ്തീനൊപ്പമാണെന്നും.

വൈറൽ വാർത്തകൾ ഇംഗ്ലണ്ടിലും കേരളത്തിലും

മാധ്യമങ്ങൾക്ക് – പത്രങ്ങൾക്കും വാർത്താചാനലുകൾക്കും – സാധിക്കാത്തത്, അല്ലെങ്കിൽ അവർ ചെയ്യാൻ മടിക്കുന്നത്, സമൂഹമാധ്യമങ്ങൾക്ക് സാധിക്കും. ഇതിന്‍റെ രണ്ട് വൈറൽ ഉദാഹരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. ഒന്ന്, ബ്രിട്ടനിൽ, മറ്റേത് കേരളത്തിൽ.

നീക്യാപ്പ് (Kneecap) എന്ന ഐറിഷ് ഗായകസംഘത്തിന്‍റെ പാട്ട് ലൈവായി കാണിക്കില്ലെന്ന് ബി.ബി.സി തീരുമാനിക്കുന്നു. ഫലസ്തീൻ അനുകൂല നിലപാടിന്‍റെ പേരിൽ ബി.ബി.സി നീക്യാപ്പിന്‍റെ പരിപാടി സെൻസർ ചെയുന്നതറിഞ്ഞ് വെയ്ൽസുകാരി ഹെലൻ വിൽ‌സണ് അരിശം തോന്നി. തന്‍റെ ക്യാമറ ഫോൺ കൊണ്ട് അവർ ബിബിസിയെ തോൽപ്പിച്ചു.സമൂഹമാധ്യമ പോസ്റ്റുകൊണ്ട് സർക്കാറിനെ തട്ടിയുണർത്തിയ മറ്റൊരു സംഭവമുണ്ട്, ഇങ്ങ് കേരളത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങുന്നതായി ഡോക്ടർ ഹാരിസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുന്നു. മാസങ്ങൾ അനങ്ങാതിരുന്ന സർക്കാർയന്ത്രം അതോടെ അനങ്ങിത്തുടങ്ങുന്നു.

കോട്ടയത്തെ വീഴ്ച

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച വാർത്ത, അനാസ്ഥയെന്നോ വീഴ്ചയെന്നോ പറയാതെ റിപ്പോർട്ട് ചെയ്തത് ഭരണപക്ഷ മാധ്യമങ്ങൾ മാത്രം. വിമർശനങ്ങളെ നേരിടുന്നതും പഴയ രീതിയിൽ തന്നെ: അധികാരികളെ വിമർശിക്കുന്നത്, കേരളത്തെ ഇടിച്ചു താഴ്ത്തലാണെന്ന്.

Similar Posts