< Back
Art and Literature
Art and Literature
അവള്‍ ഋതുമതിയായിക്കഴിഞ്ഞപ്പോള്‍
|29 Sept 2022 4:29 PM IST
| കവിത
നിഷ്‌കളങ്കതയുടെ ഒരു
ലോകത്തു നിന്നാണ്
അത്ഭുതങ്ങളുടെ പുതിയലോകം
അവള്‍ക്കു മുമ്പില്‍ വരവറിയിച്ചു
വന്നത്..
കപടതയുടെ നീലവിരികള്‍
മാറ്റുമ്പോള്‍-
നഷ്ടങ്ങളുടെ കുമിഞ്ഞുകൂടിയ
അവശിഷ്ടങ്ങളാകാമവള്‍ക്ക്
ജനാലകള്‍ കാഴ്ചയൊരുക്കുന്നത്!
എനിക്കു വേണ്ടാ - ആ
കൃത്രിമഭൂമി!
എന്തിലും മറ്റുള്ളവരുടെ കണ്ണുകള്‍കൂടി
കടന്നു വരുന്നതായി
അവള്‍ക്കു തോന്നി..
തോന്നലല്ല, ഇതാണു സത്യം!
വീണ്ടും ഉള്‍മിടിപ്പുകള്‍ പ്രകമ്പനം
കൊണ്ടു മൊഴിഞ്ഞു..
വസന്തത്തില്‍ പറന്നുയര്‍ന്ന
ഒരു കൊച്ചു ശലഭമായിരുന്നവളെന്ന്
കൊഴിഞ്ഞു പോയ അവളുടെ
ചിറകുകളെ നോക്കി ഒരു പൂവ്
ആത്മഗതമോതി!
അപ്പോഴേക്കും ആള്‍രൂപം പൂണ്ട
അവളുടെ കുഞ്ഞധരങ്ങള്‍
ലോകത്തേ നോക്കി പുഞ്ചിരിക്കുവാന്‍
പഠിച്ചു കഴിഞ്ഞിരുന്നു..


അമീന ബഷീര്‍