< Back
Art and Literature
ലൈഫ് ബോള്‍
Click the Play button to hear this message in audio format
Art and Literature

ലൈഫ് ബോള്‍

രാജേഷ് ഓംചേരി
|
19 Dec 2022 4:33 PM IST

| കവിത

ജനിച്ച് വീണത്

സെന്റര്‍ സര്‍ക്കിളിലേക്കാണ്,

അവിടെ നിന്ന്

ഉരുണ്ടു തുടങ്ങിയ

ജീവിതം.

സന്തോഷവും

സങ്കടവും രണ്ടറ്റത്ത്

പണിതു വച്ച

വലകള്‍ക്കിടയിലെ

കളിക്കളത്തില്‍

പാഞ്ഞുകൊണ്ടിരിക്കുന്ന

ജീവിതം.


സന്തോഷത്തിന്റെ

പക്ഷത്തേക്ക്

തട്ടിക്കയറ്റാന്‍

മുന്‍ നിരയില്‍

ഭാഗ്യവും കരുണയും

സ്‌നേഹവും

കരുതലുമുണ്ട്.

സങ്കടപ്പടയെ

നയിച്ച്

കളം നിറഞ്ഞോടുന്നു

നോവും

നിരാശയും ചതിയും

പിണക്കവും.

സ്വന്തം വലയിലാക്കാന്‍

അവര്‍

തട്ടിക്കളിക്കുന്നത്

എന്റെ ജീവിതം.

കാലുകള്‍ മാറിമറിഞ്ഞ്

സന്തോഷത്തിന്റേയും

സങ്കടത്തിന്റേയും

കളങ്ങളില്‍

കയറിയിറങ്ങിയങ്ങനെ

ഉരുണ്ടു കൊണ്ടേയിരിക്കണം,

അദൃശ്യനായ

റഫറിയുടെ

നീണ്ടവിസില്‍

ഉയരും വരെ.





Similar Posts