< Back
Column
നിയമസഭയില്‍ തൃശൂര്‍ പൂരം കൊടിയേറി
Column

നിയമസഭയില്‍ തൃശൂര്‍ പൂരം കൊടിയേറി

ഷെല്‍ഫ് ഡെസ്‌ക്
|
1 Nov 2023 6:30 AM IST

ദീപാലങ്കാരം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സ്വിച്ച് ഓണ്‍ ചെയ്തു

കേരള നിയമസഭയില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറ്റ്. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എല്‍.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി തൃശൂര്‍ പൂരം പ്രമേയമാക്കി നിയമസഭാ മന്ദിരത്തില്‍ സജ്ജീകരിച്ച പ്രത്യേക ദീപാലങ്കാരം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സ്വിച്ച് ഓണ്‍ ചെയ്തു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് നിയമസഭാ പുസ്തകോത്സവമെന്ന് സ്പീക്കര്‍ പറഞ്ഞു. കെ.എല്‍.ഐ.ബി.എഫ് ഒന്നാം പതിപ്പിന് നല്‍കിയ എല്ലാ പിന്തുണയും ഇക്കുറിയുമുണ്ട്. പുസ്തകോത്സവ വേളയില്‍ നിയമസഭാ മന്ദിരത്തിലേക്ക് ഏത് വ്യക്തിക്കും കടന്നുവരാമെന്നും സ്പീക്കര്‍ അറിയിച്ചു. പുസ്തകോത്സവത്തിനായി ഒരുക്കിയ സ്റ്റാളുകളും സ്പീക്കര്‍ സന്ദര്‍ശിച്ചു.

പഞ്ചവാദ്യ മേളത്തിന്റെ അകമ്പടിയോടെയാണ് വൈദ്യുത ദീപങ്ങള്‍ മിഴിതുറന്നത്. ആന, നെറ്റിപ്പട്ടം, കുടമാറ്റം, വെഞ്ചാമരം തുടങ്ങി തൃശൂര്‍ പൂരത്തിന്റെ എല്ലാ ചാരുതയും ഒത്തിണക്കിയ ദീപാലങ്കാരമാണ് നിയമസഭയില്‍ വെളിച്ച വിസ്മയം തീര്‍ക്കുന്നത്. കുടമാറ്റത്തിന്റെ മാറ്റുകൂട്ടാന്‍ എഴുപത് വര്‍ണ്ണക്കുടകളാണ് ഒരുക്കിയിട്ടുള്ളത്. നിയമസഭയുടെ പ്രധാന കവാടത്തില്‍ പൂരപ്പന്തലിന്റെ മാതൃകയിലാണ് ലൈറ്റുകളുടെ അലങ്കാരം. അങ്കണത്തിലെ വൃക്ഷലതാതികളെല്ലാം എല്‍.ഇ.ഡി ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം എല്‍.ഇ.ഡി ലൈറ്റ് ഫൗണ്ടയിന്‍, വെള്ളച്ചാട്ടം തുടങ്ങിയവയാല്‍ ഒരാഴ്ചക്കാലം നിയമസഭയും പരിസരവും വര്‍ണപ്രഭയില്‍ നിറയും.

വിവിധരൂപങ്ങളിലായി വിന്യസിച്ചിട്ടുള്ള ദീപങ്ങള്‍ക്ക് മുന്നില്‍നിന്നും സെല്‍ഫി എടുക്കുന്നതിനായി തയാറാക്കി പോയിന്റുകളില്‍ ഇന്നലെ രാത്രി മുതലേ തിരക്ക് ആരംഭിച്ചു. നവംബര്‍ ഏഴ് വരെ വൈകിട്ട് ആറ് മുതല്‍ രാത്രി 12 മണി വരെ നിയമസഭയിലെ വര്‍ണവിസ്മയം ആസ്വദിക്കാം.

Related Tags :
Similar Posts