പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീന്ഷോട്ട്ഇസ്രായേലിന്റെ വ്യോമപാത വിലക്ക് ലംഘിച്ച് ഗസ്സയിൽ ചൈന ഭക്ഷണം വിതരണം ചെയ്തോ? അവകാശവാദം വ്യാജം | Fact Check |
|ഇസ്രായേലിന്റെ വ്യോമപാത വിലക്ക് ലംഘിച്ച് ചൈന, ഗസ്സയിൽ ഭക്ഷണം വിതരണം ചെയ്തുവെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല.
ഇസ്രായേലിന്റെ വ്യോമപാത ഉപരോധങ്ങള്‍ മറികടന്ന് പട്ടിണിയില്‍ കിടക്കുന്ന ഗസ്സയെ, ചൈന സഹായിക്കുന്നുവെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ പ്രചരിക്കുന്നുണ്ട്. ഈജിപ്തിന് മുകളിലൂടെ ജെറ്റുകൾ പറത്തി ചൈന, ഗസ്സയുടെ ആകാശങ്ങളിൽ ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യുന്നുവെന്നാണ് വീഡിയോ അവകാശപ്പെടുന്നത്.
യുദ്ധ വിമാനങ്ങള്‍ പറക്കുന്നതും അതില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ താഴേക്ക് ഇറക്കുന്നതും വീഡിയോയില്‍ കാണാം. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ രൂക്ഷമായിരിക്കെയാണ് ഈ വീഡിയോയും പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പോലെ ചൈന ഇങ്ങനെയൊരു നടപടി സ്വീകരിച്ചില്ല എന്നതാണ് വാസ്തവം.
അന്വേഷണം
വൈറൽ വീഡിയോകളിലും ചിത്രങ്ങളിലും സി-17 വിമാനമാണ് ഭക്ഷണപ്പൊതികള്‍ എയർ ഡ്രോപ്പ് ചെയ്യുന്നതായി കാണിക്കുന്നത്. എന്നാല്‍ സി-17 വിമാനങ്ങൾ ചൈന ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. സി-17 ഗ്ലോബ്മാസ്റ്റർ III എന്ന സൈനിക വിമാനം പ്രധാനമായും ഉപയോഗിക്കുന്നത് അമേരിക്കയും മറ്റു സഖ്യരാജ്യങ്ങളുമാണ്. അതില്‍ ചൈനയില്ല. അത് തന്നെ മതി ബാക്കിയുള്ള കാര്യങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാകാന്‍.
അതേസമയം ഗസ്സക്ക്, ചൈന സഹായം നല്‍കുന്നില്ല എന്നല്ല. ദാരിദ്ര്യത്തില്‍ വലയുന്ന ഗസ്സക്കാര്‍ക്ക് ചൈന സഹായം കൊടുക്കുന്നുണ്ട്. എന്നാലത് പരമ്പരാഗത മാര്‍ഗങ്ങളിലൂടെയാണെന്ന് മാത്രം. ചൈന ഗസ്സയിലേക്ക് ഈജിപ്തിലൂടെ കപ്പല്‍ വഴിയാണ് അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിക്കുന്നത്. പിന്നീടത് കരമാര്‍ഗം ഗസ്സയില്‍ എത്തുന്നു.
അല്ലാതെ എയര്‍ഡ്രോപ്പിലൂടെ ചൈന ഗസ്സയില്‍ മരുന്നുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിച്ചതായി എവിടെയും പറയുന്നില്ല. ഗസ്സയിലേക്കുള്ള സഹായം ഇസ്രായേല്‍ ഒരുഘട്ടത്തില്‍ പൂര്‍ണമായും തടഞ്ഞിരുന്നു. എന്നാൽ അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ഇസ്രായേലിന് വാതില്‍ തുറക്കേണ്ടി വന്നു. എന്നിരുന്നാലും പരിമിതമായ തോതിലാണ് ഗസ്സയില്‍ ഭക്ഷണസാധനങ്ങളും മറ്റും എത്തുന്നത്. അതേസമയം പട്ടിണിയേയും ഇസ്രായേല്‍ യുദ്ധമുറയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ വെള്ളവും വെളിച്ചവും ഇല്ലാതാക്കി ഗസ്സയുടെ സ്വാസ്ഥ്യം കെടുത്തുകയാണ് അധിനിവേശ സേന.
വാസ്തവം
ഇസ്രായേലിന്റെ വ്യോമപാത വിലക്ക് ലംഘിച്ച് ചൈന, ഗസ്സയിൽ ഭക്ഷണം വിതരണം ചെയ്തുവെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല.