Football
എന്റെ വീട്ടിൽ താമസിക്കാം, മെസ്സിക്ക് റയലിലേക്ക് സ്വാഗതം: റാമോസ്
Football

'എന്റെ വീട്ടിൽ താമസിക്കാം, മെസ്സിക്ക് റയലിലേക്ക് സ്വാഗതം': റാമോസ്

|
13 March 2021 5:05 PM IST

ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്വിച്ചിലെ ഷോയിലാണ് റാമോസിന്റെ പ്രതികരണം

ബാഴ്‌സ വിട്ട് റയലിൽ ചേരുകയാണ് എങ്കിൽ ലയണൽ മെസ്സിക്ക് തന്റെ വീട്ടിൽ താമസിക്കാമെന്ന് കളിപറഞ്ഞ് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സർജിയോ റാമോസ്. പുതിയൊ വീട് കണ്ടെത്തുന്നതു വരെ തന്റെ വീട്ടിൽ താമസിക്കാമെന്നാണ് റാമോസിന്റെ 'വാഗ്ദാനം'.

ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്വിച്ചിലെ ഷോയിലാണ് റാമോസിന്റെ പ്രതികരണം. 'മെസ്സിയെ റയലിലേക്ക് സ്വാഗതം ചെയ്യുമോ?' എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'തീർച്ചയായും നൂറു ശതമാനം' എന്നാണ് റാമോസ് മറുപടി നൽകിയത്.

'അദ്ദേഹത്തിന് ആദ്യ ആഴ്ച എന്റെ കൂടെ താമസിക്കുകയും ചെയ്യാം. അവിടെ സുഖകരമായിരിക്കും. എനിക്ക് വലിയ സന്തോഷവുമാകും. മാഡ്രിഡ് ആരാധകർ ലിയോയുടെ മികച്ച വർഷങ്ങൾ (മറ്റൊരു ടീമിലാണെങ്കിലും) അനുഭവിച്ചിട്ടുണ്ട്. അദ്ദേഹം കൂടെയുണ്ടാകുന്നത് മഹത്തായ അനുഭവമായിരിക്കും. കൂടുതൽ വിജയത്തിന് സഹായകരമാകുകയും ചെയ്യും. പറ്റില്ല എന്ന് പറയുന്നത് മണ്ടത്തരമാകും'- അദ്ദേഹം പറഞ്ഞു.

റയലില്‍ റാമോസിന്റെ കരാര്‍ ഈ വര്‍ഷം അവസാനിക്കുകയാണ്. പത്തു ശതമാനം ശമ്പളം കുറച്ച് ഒരു വര്‍ഷത്തേക്ക് കൂടി താരവുമായുള്ള കരാര്‍ പുതുക്കാനാണ് റയലിന്റെ ആലോചന. റയലിന് ശേഷം ബാഴ്‌സയിലേക്ക് പോകാന്‍ ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പണത്തിന് വാങ്ങാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നും റാമോസ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഈ ട്രാൻസഫർ ജാലകത്തിൽ മെസ്സി ബാഴ്‌സ വിടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി തുടങ്ങിയ വമ്പന്മാരാണ് സൂപ്പർ താരത്തിനായി രംഗത്തുള്ളത്. എന്നാൽ മെസ്സിയെ ഏതുവിധേനയും ക്ലബിൽ പിടിച്ചു നിർത്താനാണ് പുതിയ ക്ലബ് പ്രസിഡണ്ട് ജോർ ലപോർട്ടയുടെ നേതൃത്വത്തിൽ നടക്കുന്നത്.

Similar Posts