< Back
Movies
രണം, തീവണ്ടി  ചിത്രങ്ങൾ ഓൺലൈനിൽ
Movies

രണം, തീവണ്ടി ചിത്രങ്ങൾ ഓൺലൈനിൽ

Web Desk
|
12 Sept 2018 9:45 PM IST

കഴിഞ്ഞയാഴ്ച എത്തിയ രണ്ട് മലയാളചിത്രങ്ങളുടെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സ് പുറത്തുവിട്ടു

കഴിഞ്ഞയാഴ്ച എത്തിയ രണ്ട് മലയാളചിത്രങ്ങളുടെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സ് പുറത്തുവിട്ടു. പൃഥ്വിരാജ് ചിത്രം രണം, ടൊവിനോ തോമസിന്‍റെ തീവണ്ടി എന്നീ ചിത്രങ്ങളാണ് തമിഴ് റോക്കേഴ്സിന്‍റെ വെബ്സൈറ്റിൽ എത്തിയത്.

പ്രളയം നൽകിയ ദുരിതകാലം കടന്ന് തീയറ്ററുകൾ ഹൗസ് ഫുൾ ആയി തുടങ്ങിയിട്ടേ ഉള്ളൂ.. ഇതിനിടെ ഇടുത്തീ പോലെ എത്തിയിരിക്കുകയാണ് വ്യാജന്മാർ. പൃഥ്വിരാജ് ചിത്രം രണം, ടൊവിനോ ചിത്രം തീവണ്ടി എന്നിവയാണ് തമിഴ് റോക്കേഴ്സിന്‍റെ പിടിയിലായത്. രണ്ട് ചിത്രങ്ങളുടെയും ഡൌൺലോഡ് ലിങ്കുകൾ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‍‌ലോഡ് ചെയ്തു. ഇതിനകം നിരവധി പേർ സിനിമകൾ ഡൌൺലോഡ് ചെയ്തതായാണ് സൂചന.

ഈ മാസം ആറിനായിരുന്നു പൃഥ്വിരാജ് ചിത്രം രണം റിലീസിനെത്തിയത്. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമ വലിയ മുതൽമുടക്കിലുള്ളതാണ്. ഭേദപ്പെട്ട പ്രതികരണങ്ങൾ നേടി സിനിമ പ്രദർശനം തുടരുന്നതിനിടെയാണ് സിനിമയുടെ വ്യാജൻ എത്തിയത്.

ഏഴിനായിരുന്നു തീവണ്ടിയുടെ റിലീസ്. സിനിമ റിലീസായതിന് പിന്നാലെ തന്നെ ക്ലൈമാക്സ് രംഗം ചോർന്നിരുന്നു. തീവണ്ടിയുടെ പല ദൃശ്യമികവിലുള്ള ലിങ്കുകളാണ് സൈറ്റിലുള്ളത്. സിനിമ സൈറ്റിൽ എത്തിയതിനെതിരെ പ്രതിഷേധവുമായി ടൊവിനോ രംഗത്തുവന്നു. വർഷങ്ങളായി മലയാളസിനിമയുടെ ശാപം ആണ് പൈറസി എന്നു പറഞ്ഞ ടൊവിനോ, ഇനിമുതൽ ഒരു സിനിമയുടെയും പൈറേറ്റഡ് കോപ്പികൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്യില്ല എന്ന് സിനിമാപ്രേമികൾ തീരുമാനം എടുക്കുണമെന്ന് അഭ്യർത്ഥിച്ചു. മലയാളസിനിമ നല്ലൊരു കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ അവസരത്തിൽ, അതിന്റെ തണ്ട് തുരക്കുകയാണ് പൈറസി എന്നും ടൊവിനോ വിമർശിച്ചു. ജി സി സി രാജ്യങ്ങളിൽ തീവണ്ടി വ്യാഴാഴ്ച റിലീസാകാനിരിക്കെയാണ് സിനിമ തമിഴ് റോക്കേഴ്സ് സൈറ്റിൽ എത്തിയത്.

Similar Posts