< Back
India
ഗോവയില്‍ മെയ് ഒമ്പതു മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചനയില്‍
India

ഗോവയില്‍ മെയ് ഒമ്പതു മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചനയില്‍

Web Desk
|
7 May 2021 8:32 PM IST

നിലവിലുള്ള നിയന്ത്രണങ്ങള്‍ ജനം പൂര്‍ണമായും അനുസരിക്കാത്തതിനാലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗോവയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംസ്ഥാനത്ത് മെയ് ഒമ്പതു മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. 15 ദിവസത്തേക്കാണ് നിയന്ത്രണം. നിലവിലുള്ള നിയന്ത്രണങ്ങള്‍ ജനം പൂര്‍ണമായും അനുസരിക്കാത്തതിനാലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ ഒന്നുവരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. ഹോം ഡെലിവറി സേവനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ മാത്രമെ ഹോം ഡെലിവറി സര്‍വ്വീസുകള്‍ അനുവദിക്കുകയുള്ളു. വിവാഹമുള്‍പ്പെടെ ആളുകള്‍ കൂടുന്ന എല്ലാവിധ ആഘോഷപരിപാടികള്‍ക്കും വിലക്കുണ്ട്.

ഗോവയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും സാവന്ത് അറിയിച്ചു.

അതേസമയം, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗോവയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. ഗോവയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് 3869 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1, 08,267 ആയി ഉയര്‍ന്നിരിക്കുകയാണ്.

Related Tags :
Similar Posts