അംബാനിക്കും അദാനിക്കും കറന്‍സി നിരോധനത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് ബിജെപി എംഎല്‍എ
|രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഭവാനി സിംങ് രാജവത്താണ് ഉന്നത കോര്‍പറേറ്റ് നേതൃത്വത്തിന് ഇക്കാര്യം അറിയാമായിരുന്നെന്ന് പറയുന്നതിന്റെ വീഡിയോ പുറത്തായിരിക്കുന്നത്.
അതീവ രഹസ്യമായി നടപ്പാക്കിയെന്ന് അവകാശപ്പെട്ട കറന്‍സി നിരോധനത്തെക്കുറിച്ച് അംബാനിക്കും അദാനിക്കും അറിയാമായിരുന്നെന്ന് ബിജെപി എംഎല്‍എ പറയുന്നത് പുറത്ത്. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഭവാനി സിംങ് രാജവത്താണ് ഉന്നത കോര്‍പറേറ്റ് നേതൃത്വത്തിന് ഇക്കാര്യം അറിയാമായിരുന്നെന്ന് പറയുന്നതിന്റെ വീഡിയോ പുറത്തായിരിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴിയാണ് വീഡിയോ വലിയ തോതില്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂലിയെന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുന്ന ഒരാളുടെ പ്രൊഫൈലിലാണ് ആദ്യമായി ഈ വീഡിയോ വന്നിരിക്കുന്നത്. കറന്‍സി നിരോധനത്തെക്കുറിച്ച് അറിവുണ്ടായിരുന്ന അംബാനിയും അദാനിയും തങ്ങളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഭവാനി സിംങ് ആരോപിക്കുന്നുണ്ട്.
അതേസമയം വീഡിയോയില്‍ കാണുന്നതുപോലുള്ള അഭിപ്രായ പ്രകടനം താന്‍ നടത്തിയിട്ടില്ലെന്നാണ് ഭവാനി സിംങിന്റെ പ്രതികരണം. തന്റെ വീട്ടിലേക്ക് ചില മാധ്യമപ്രവര്‍ത്തകര്‍ വരികയും കറന്‍സി നിരോധനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ആ സ്വകാര്യ സംഭാഷണത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒറ്റയടിക്ക് കറന്‍സി നിരോധനം നടപ്പാക്കിയതിനെ വിമര്‍ശിക്കുന്ന എംഎല്‍എ വീഡിയോയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കേണ്ടിയിരുന്നെന്നും അഭിപ്രായപ്പെടുന്നുണ്ട്. നേരത്തെയും പലവിധ അഭിപ്രായ പ്രകടനങ്ങളെ തുടര്‍ന്ന് വിവാദത്തിലായ നേതാവാണ് ഭവാനി സിംങ്. കോട്ടയിലെ ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്നും കഷണ്ടിക്ക് കാരണമാകുന്നതിനാല്‍ ബൈക്ക് യാത്രികര്‍ ഹെല്‍മെറ്റ് ഒഴിവാക്കണമെന്നും ഇദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്.